തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയെന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, തെക്ക് പടിഞ്ഞാറൻ അറബികടൽ, തെക്ക് കിഴക്കൻ അറബികടലിന്റെ കൂടുതൽ മേഖലകളിൽ, മാലിദ്വീപ് കോമറിൻ മേഖല , തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ് മുഴുവൻ, സമീപത്തെ ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യത. കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നാളെയോടെ കാലവർഷം എത്തിച്ചേരുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തോട് ചേർന്ന കന്യാകുമാരി തീരം , തെക്ക് തമിഴ്നാട് തീരം എന്നിവിടങ്ങളിലും സമാന സാഹചര്യമായിരിക്കും. ഇവിടങ്ങളിലും കടലിൽ പോകുന്നതിനു വിലക്കുണ്ട്.
Also Read: മതവിദ്വേഷ പ്രസംഗം: പി.സി.ജോർജ് ജയിലിലേക്ക്; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു