തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒക്ടോബർ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 7 മുതൽ 11 സെന്റിമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
Read More: Kerala Weather: വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
നാളത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ആന്ധ്രാ ഒഡിഷാ തീരം വഴി കരയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
ഇതിനു പിന്നാലെ ഒക്ടോബർ 16 ഓടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്ത് നിലവിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.
അതേസമയം, ഏതാനും ദിവസങ്ങൾക്കുള്ളിൽ കാലവർഷം സംസ്ഥാനത്തുനിന്ന് പൂർണമായി പിൻവാങ്ങും. മറ്റു സംസ്ഥാനങ്ങളിലും കാലവർഷം അതീവ ദുർബലമായി.