തിരുവനന്തപുരം: മുന്നറിയിപ്പ് നല്കാന് വൈകിയത് മഴക്കെടുതിയുടെ ആഘാതം കൂട്ടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി റവന്യൂ മന്ത്രി കെ.രാജന്. “മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥ വകുപ്പാണ്. അത് അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അപകട സമയത്ത് കോട്ടയം ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടായിരുന്നു, പെട്ടെന്നാണ് റെഡിലേക്ക് മാറിയത്,” മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
“പത്തനംതിട്ടയില്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കക്കി ഡാം തുറക്കും. ആവശ്യമായ മുന്‍ കരുതലുകള്‍ നടത്തിയിട്ടുണ്ട്. അനാവശ്യമായി ജനങ്ങള്‍ പേടിക്കേണ്ടതില്ല. എല്ലാ വിധത്തിലുള്ള സംവിധാനങ്ങളും സംസ്ഥാനത്തുണ്ട്. ദുരന്ത നിവാരണ സേനയുടെ 11 ടീമുകള്‍, ആര്‍മി, എയര്‍ ലിഫ്റ്റിങ്ങിനുള്ള ടീമുകളും ഉണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. “അനാവശ്യമായതും, തെറ്റായതുമായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ വലിയ അപകടം തോന്നിക്കില്ലാത്ത വാര്‍ത്തകള്‍ ആയിരിക്കും, പക്ഷെ അത് വലിയ അപകടത്തിലേക്ക് പിന്നീട് നയിക്കും,” മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇടുക്കി ഡാം തുറക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. “ഇടുക്കി ഡാമിന്റെ കാര്യത്തില്‍ പ്രത്യേക പരിശോധന നടത്തി. ഡാം തുറക്കേണ്ടതില്ലെന്ന തീരുമാനമാണ് സ്വീകരിച്ചത്. ഇന്നത്തെ ദിവസം വളരെ സുരക്ഷിതമായി മുന്നോട്ട് പോകും. ഡാമുകള്‍ ഒരു കാരണവശാലും രാത്രി തുറക്കുകയില്ല,” മന്ത്രി പറഞ്ഞു.