Kerala Monsoon: തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം വീണ്ടും കേരളത്തിൽ ശക്തിപ്രാപിക്കും. അടുത്ത രണ്ട് ദിവസവും കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: ഉറവിടം കണ്ടെത്താനാകാതെ കൂടുതൽ രോഗികൾ; കേരളത്തിൽ ആന്റി ബോഡി പരിശോധന തിങ്കളാഴ്ച മുതൽ

കഴിഞ്ഞ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ തന്നെയാണ് വലിയ രീതിയിൽ മഴ ലഭിച്ചത്, കോഴിക്കോട് 9 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. കണ്ണൂർ, വടക്കാഞ്ചേരി, തൃത്താല എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ വീതവും മഴ പെയ്തു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല

പ്രത്യേക മുന്നറിയിപ്പ്

05-06-2020 മുതൽ 09-06-2020 വരെ: മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.

05-06-2020: ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥയ്ക്ക് സാധ്യത.

06-06-2020: ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

07-06-2020: തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ മേഖലയിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.