തിരുവനന്തപുരം: സംസ്ഥാനത്ത് 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രി 10ന് അവസാനിക്കുന്ന മൂന്നു മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും കര്‍ണാടക തീരത്ത് 16 വരെയും തീരത്തും മീന്‍പിടിക്കാന്‍ പോകരുത്. മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ പ്രസ്തുത ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും തെക്കു-കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ വരുന്ന ആന്ധ്രാപ്രദേശിന്റെ തീരമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മീന്‍പിടിക്കാന്‍ പോകരുത്.
ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും 16ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിയും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.