തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ ശക്‌തമാകുക. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

Read Also: മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് ലോകം; കോവിഡ് മരണം നാല് ലക്ഷം കടന്നു

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കടലിൽ ഉയർന്ന തിരമാലയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്നവരും ജാഗ്രത തുടരണം.

അടുത്ത 24 മണിക്കൂറിനുളളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 12-20 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരള തീരത്ത് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും.

പ്രത്യേക മുന്നറിയിപ്പുകൾ

ജൂൺ ഒൻപത് വരെ മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.

ഇന്ന് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ മേഖലയിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Read Also: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.