ഇടുക്കി: പുല്ലുപാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷകരായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കണയങ്കവയല്‍ – എരുമേലി റോഡില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. മണ്ണിടിച്ചിലും പിന്നാലെ വലിയ പാറക്കെട്ടുകളും വീണ് ഗതാഗതം തടസപ്പെടുകയായിരുന്നു. മൂന്ന് ബസുകളും പത്തോളം കാറുകളുമായിരുന്നു റോഡില്‍ കുടുങ്ങി കിടന്നത്.
“ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ബസിന്റെ അടുത്തേക്ക് വെള്ളം ഒഴുകി വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഇടയിലാണ് ഒരാളും കുട്ടിയും അതില്‍ ഉള്‍പ്പെട്ടതായി മനസിലായത്. കുട്ടിയേയും അയാളെയും ഞങ്ങള്‍ ബസിലേക്ക് കയറ്റി. കാറിന്റെ അടിയില്‍ കുടുങ്ങി കിടന്ന സ്ത്രീയേയും രക്ഷിച്ചു,” കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.ടി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
വണ്ടികള്‍ വഴിയില്‍ നിന്ന് നീക്കാനായിട്ടില്ല എന്നും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. “വൈകുന്നേരം നാലരയോടെ പ്രദേശത്ത് നിന്ന് മാറണമെന്ന നിര്‍ദേശം ലഭിച്ചു. പുല്ലുപാറ മുറിഞ്ഞപുഴ ഭാഗത്തേക്ക് എല്ലാവരേയും നടത്തി വിട്ടു. എല്ലാവര്ക്കും ഭക്ഷണം എത്തിച്ചു കൊടുത്തതിന് ശേഷമായിരുന്നു ഇത്,” കെ.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.
പുല്ലുപാറ വരെ വണ്ടികള്‍ വരാത്ത സാഹചര്യത്തില്‍ മുറിഞ്ഞപുഴ വരെ നടന്ന് എത്തുന്നവരെ കുമളിയിലേക്ക് കൊണ്ടുപോയതായാണ് വിവരമെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു. വണ്ടിയെല്ലാം പ്രദേശത്ത് ഉപേക്ഷിച്ചതിന് ശേഷം ആളുകള്‍ സുരക്ഷിതമായ ഒരിടത്തേക്ക് രാത്രിയോടെ മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.