തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നു കടുത്ത ചൂട് അനുഭവപ്പെടും. താപനില 2 മുതൽ 4 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ശക്തമായ ചൂട് ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ ഈ ജില്ലകളിൽ താപനില 4 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുളള വരണ്ട കാറ്റ് സംസ്ഥാനത്തേക്ക് എത്തുന്നതും കടൽക്കാറ്റ് കുറഞ്ഞതുമാണ് സംസ്ഥാനത്തെ താപനില പെട്ടെന്ന് ഉയരാൻ കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചൂട് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 12 മണിക്കും 3 മണിക്കും ഇടയിൽ പുറത്തിറങ്ങുന്നവർ കയ്യിൽ വെളളം കരുതണം. നിർജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാർഗ നിർദേശങ്ങൾ പിന്തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also: വേനൽ ചൂടിനെ തണുപ്പിക്കാൻ നാട്ടുപാനീയങ്ങൾ
അതിനിടെ, പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ നിർബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇവരുടെ ജോലി സമയം രാവിലെ 7 മണിക്കും രാത്രി 7 മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Read Also: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
ഈ മാസം 20-ാം തീയതിക്കുശേഷം ചെറിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ ചൂടിൽ വലിയ കുറവുണ്ടാകില്ല.