തൃശൂർ: കേരളത്തിൽ അന്തരീക്ഷ താപനില വർധിക്കുന്നു. പല സ്ഥലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്ന് തൃശൂർ ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാലര ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗമെന്ന് പറയുന്നത്.
ഈ സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ അതീവ ഗൗരവത്തോടെ തന്നെ മുന്നറിയിപ്പ് പരിഗണിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണതരംഗം മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയുള്ളത്.
ഏപ്രിൽ നാല് വരെ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 3, 4 തീയതികളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന തൃശൂർ ജില്ലയിൽ ആരും പുറത്തിറങ്ങുകയോ നേരിട്ട് വെയിലേൽക്കുകയോ ചെയ്യാതിരിക്കേണ്ടതാണ്. ഡ്യൂട്ടിയിലുള്ള പൊലീസുകാർ, മറ്റ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ തണൽ ഉറപ്പ് വരുത്തി, ശരീരം തണുപ്പിച്ച് കൊണ്ട് മാത്രം ഡ്യൂട്ടി തുടരാൻ നിർദേശിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും തണലിൽ വിശ്രമിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും (Humidity) താപസൂചിക (Heat Index) ഉയര്‍ത്തുന്ന ഘടകമാണ്.
Read Also: ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രില്‍ 6 മുതല്‍; ആദ്യം അന്ത്യോദയ കാര്‍ഡുകാര്‍ക്ക്
ലോക്ക്ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.
വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.