തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം സജീവമായിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴയും ലഭിച്ചേക്കാം.

മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ട്. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Read Also: സിപിഐ വഴങ്ങുന്നു; ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക് തന്നെ, റിപ്പോർട്ടുകൾ

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം,ശക്തമായ മഴയെ തുടര്‍ന്ന് തൃശൂർ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. പരിസര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം വന്നാൽ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.