തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ നിന്ന് സംസ്ഥാനം ഒന്നിച്ചുനിന്ന് കരകയറുമ്പോള്‍ ചിലര്‍ അസത്യം പ്രചരിപ്പിച്ച് ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറന്നിരിക്കുകയാണെന്നും സംസ്ഥാനം പ്രളയത്തിലേക്കാണ് നീങ്ങുന്നതെന്നും തരത്തില്‍ ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പെട്രാള്‍ പമ്പുകള്‍ അടച്ചിടുകയാണെന്ന തരത്തിലും കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 42 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എട്ട് ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 80 ഓളം ഉരുള്‍പ്പൊട്ടലുകള്‍ ഉണ്ടായി. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി ഒരു ലക്ഷത്തി എണ്ണായിരത്തി ഒരനൂറ്റി മുപ്പത്തിയെട്ട് പേര്‍ ഉണ്ട്. വയനാട് മാത്രം 186 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിക്കാതെ എല്ലാം ക്യത്യമായി അനുസരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read Also: Kerala Floods Rain, Red Alert Live Updates: കലിയടങ്ങാതെ മഴ; റെഡ് അലർട്ട് എട്ട് ജില്ലകളിൽ, ബാണാസുര ഡാം തുറക്കും

ഭൗതിക വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നമുക്കൊരുമിച്ച് അത് പരിഹരിക്കാം. എന്നാൽ, ജീവൻ നഷ്ടപ്പെട്ടാൽ അങ്ങനെയല്ല. അതുകൊണ്ട് എല്ലാവരും നിർദേശങ്ങൾ പാലിക്കണം. ജീവൻ രക്ഷിക്കാൻ പ്രധാന്യം നൽകണം. എല്ലാവർക്കും ഒത്തൊരമിച്ച് നിന്ന് ഇതിനെ തരണം ചെയ്യാം. ജനപ്രതിനിധികളും ജനങ്ങളും ഒന്നിച്ച് നിൽക്കണം. ഇനിയുള്ള മൂന്ന് ദിനങ്ങൾ അവധിയായിരിക്കാം. എന്നാൽ, സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കരുത്. നേരത്തെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അണിചേരണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഇന്ന് എട്ട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കാസർകോട്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ തീവ്ര മഴ ലഭിച്ചേക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.