കൊച്ചി: ശക്തമായ മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ച മലപ്പുറം കവളപ്പാറയിലും മേപ്പാടിയിലെ പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കവളപ്പാറയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഇതുവരെ 36 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിലും മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇനിയും 23 പേരെ കണ്ടെത്താനുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. ഇന്നലെ നടത്തിയ തിരച്ചിലിൽ കമല (55), സുകുമാരൻ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ കവളപ്പാറയിലെ പ്രളയഭൂമിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. ഇനി 23 പേരെയാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും.

അതേസമയം മേപ്പാടിയിലെ പുത്തുമലയിൽ കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിലും ആരെയും കണ്ടെത്താനായില്ല. ഇനിയും ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. മണ്ണിനടിയിൽ പെട്ടവരെ കാണാൻ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയാണ് തിരച്ചിൽ നടത്തുന്നത്. മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.

അതേസമയം, മനുഷ്യസാധ്യമായ എല്ലാ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം വിശദീകരിച്ചു കൊടുത്തു.

ഇന്ന് കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയും യെല്ലോ അലെർട്ടുകളുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.

തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. മറ്റ് സ്കൂളുകൾക്ക് സാധാരണ ദിവസം പോലെ പ്രവർത്തിക്കും എന്നും കളക്ടർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.