തിരുവനന്തപുരം: വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിച്ചതിനു പിന്നാലെ തെക്കൻ കേരളത്തിലും മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്‌ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂൺ 24 മുതൽ 26 വരെ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
2020 ജൂൺ 26 :തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട ,ഇടുക്കി.
2020 ജൂൺ 27 :കോഴിക്കോട് ,വയനാട്.
യെല്ലോ അലർട്ട്
2020 ജൂൺ 24 :തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ.
2020 ജൂൺ 25:തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി.
2020 ജൂൺ 26:ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,പാലക്കാട്.
2020 ജൂൺ 27:തൃശ്ശൂർ,പാലക്കാട് ,മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
Read Also: Horoscope Today June 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 24, 25, 26, 27 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 23ന് മത്സ്യതൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴയും ലഭിച്ചേക്കാം.
മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ട്. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.