തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ. തമിഴ്നാട് തീരത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിച്ചതിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് നാലു മണിക്കു പുറപ്പെടുവിച്ച നിർദേശത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 14/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്
- 15/04/2022: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്
- 16/04/2022: ഇടുക്കി, മലപ്പുറം, പാലക്കാട്
- 17/04/2022: ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ
കേരള, ലക്ഷദ്വീപ്, തമിഴ്നാട്, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറില്‍ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും (ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ) മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ മേൽപ്രദേശങ്ങളിൽ മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കുട്ടനാട്ടിൽ മടവീഴ്ചയുണ്ടായി. കൊയ്യാനിരുന്ന 600 ഏക്കർ പാടശേഖരം മടവീണു നശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മറ്റു പാടങ്ങളും മടഭീഷണി നേരിടുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയിൽ ഏകദേശം 1.07 കോടിയുടെ കൃഷിനാശം സംഭവിച്ചതായാണ് വിവരം.
Also Read: Kerala Weather: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്