തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
15-ാം തീയതി വരെ മഴ ഇതുപോലെ തുടരുമെന്നാണ് നിലവിലെ പ്രവചനം. തമിഴ്നാട് തീരത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിച്ചതിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
- 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം.
- 15-04-2022: പത്തനംതിട്ട, ഇടുക്കി.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ഏപ്രിൽ 13, 14 തീയതികളിൽ കേരള, ലക്ഷദ്വീപ്, തമിഴ്നാട്, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറില് 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും (ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ) മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ മേൽപ്രദേശങ്ങളിൽ മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നിന്നും ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുത്.
തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Also Read: ‘ലവ് ജിഹാദ് നിർമ്മിത കള്ളം’; കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തിൽ സിപിഎം നേതാവിനെ തള്ളി ഡിവൈഎഫ്ഐ