തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം വരവറിയിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ മഴ സജീവമാകുന്നത്. വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറിടത്തും മറ്റന്നാൾ ഏഴിടത്തും ഓറഞ്ച് അലർട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ശനി: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ
- ഞായർ: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
- തിങ്കൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ശനി: തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്
- ഞായർ: തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
- തിങ്കൾ: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
- ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മീൻപിടിത്തിനു തടസമില്ല.
അതേസമയം, കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ 27 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ ആരംഭം. മൺസൂണിനു മുന്നോടിയായി മഴ കനക്കും.
തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഈ നിർദേശങ്ങൾ ശ്രദ്ധിക്കാം
കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു. യോഗത്തിലെ ചർച്ചകളുടെ ഭാഗമായി താഴെ പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു:
1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.
2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറണം.
3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെ എസ് ഇ ബിയുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
4. ശബരിമലയിലെ മാസപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രത പുലർത്തണം. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം
5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക
6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്
ഇക്കോടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവച്ചു
തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുവരെ സന്ദർശകർക്കു പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ഡിഎഫ് അറിയിച്ചു.
Also Read:സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെ; മെയ് 27 ന് ആരംഭിച്ചേക്കും