scorecardresearch
Latest News

അഞ്ച് ദിവസം മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം

Kerala Rain, Kerala Weather
Photo: Nithin RK

തിരുവനന്തപുരം: ഇന്നലെ രാത്രി ആരംഭിച്ച മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിന്യസിച്ചു. തൃശൂർ രണ്ട് സംഘങ്ങളെയും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങളെയുമാണ് വിന്യസിപ്പിക്കുക.

വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. പ്രസ്തുത സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയത്ത് പാലാ, പൂഞ്ഞാര്‍ എന്നീ മേഖലകളിലും മഴ തോരാതെ പെയ്യുകയാണ്.

അഞ്ച് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • മേയ് 19: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • 20: എറണാകുളം, തൃശൂര്‍, മലപ്പുറം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 19: തിരുവനന്തപുരം, കൊല്ലം.
  • 20: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
  • 21: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്.
  • 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി.
  • 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്.

20 വരെ കേരള തീരത്ത് 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ കേരള തീരത്തുനിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മീൻപിടിക്കാൻ പോകരുത്.

21 വരെ കേരളതീരത്ത് കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (മെയ് 18) രാത്രി 11.30 വരെ 3 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ബന്ധപ്പെടേണ്ട നമ്പർ – 8078548538

Also Read: ‘ചുഴലിക്കാറ്റുള്ള കടലിലെ കഠിനമായ യാത്രയില്‍ അമ്മയായിരുന്നു പ്രതീക്ഷ…’; പേരറിവാളന്‍ എഴുതുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather heavy rain expected today may 19 updates