തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളിൽ മരണം 26 ആയി ഉയർന്നു. കോട്ടയം കൂട്ടിക്കലിൽ ശനിയായാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പെട്ട് 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൊട്ടടുത്ത പ്രദേശമായ ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
കൊക്കയാറിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും.
കൊക്കയാറിൽ ഉരുൾപൊട്ടിൽ കാണാതായ നാല് കുട്ടികളുടെയും രണ്ട് മുതിർന്നവരുടെയും മൃതദേഹമാണ് കിട്ടയത്. അംന സിയാദ്, അഫ്സന ഫൈസൽ, അഹിയാൻ ഫൈസൽ, അമീൻ, ഷാജി ചിറയിൽ, ഫൗസിയ എന്നിവരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയലിന്റെ മൃതദേഹം മണിമലയാറിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്.
തൊടുപുഴ അറക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ മൂന്നുങ്കവയൽ പാലത്തിൽനിന്നു കുത്തൊഴുക്കിൽ ഒലിച്ചുപോയി രണ്ടുപേർ മരണപ്പെട്ടിരുന്നു. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന് (31) എന്നിവരാണ് മരിച്ചത്.
ഇതിനിടെ തിരുവനന്തപുരം വിതുര കല്ലാർ – നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (23) ആണ് മരിച്ചത്.

അതേസമയം, ഇടുക്കി, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേവൽ എയർ സ്റ്റേഷനിൽ നിന്നുള്ള ഹെലികോപ്റ്ററായ ഐഎൻഎസ് ഗരുഡ 0900 അയച്ചതായി ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനത്തിന് കോപ്റ്റർ അയച്ചത്. കെഎസ്ഡിഎംഎ തയ്യാറാക്കിയ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനാണ് വിമാനം ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ യെണ്ടയാർ ജെജെഎംഎം ഹൈസ്കൂളിലെ ഹെലിപാഡിലേക്ക് ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ എത്തിച്ചതായും നാവിക സേന അറിയിച്ചു.
Also Read: സ്ഥിതി ഗൗരവതരം; സര്‍ക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും: മുഖ്യമന്ത്രി
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച രാത്രി 10 മണിക്ക് അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ മഴക്കെടുതികളിൽ ഒരു മരണവും ഒമ്പത് വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചു. വടകര ഏറാമല വില്ലേജിൽ പയ്യത്തൂർ ദേശത്ത് പെരിയാട്ട് നുർജഹാൻ- മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ മുഹമ്മദ് റെയ്ഹാൻ ആണ് മരിച്ചത്. ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. ഈ തോട്ടിൽ കുട്ടി വീഴുകയായിരുന്നു.
മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഒമ്പത് വീടുകൾ ഭാഗികമായി നശിച്ചു. വടകരയിൽ രണ്ടും കൊയിലാണ്ടിയിൽ ഏഴും വീടുകളാണ് നശിച്ചത്. മറ്റു നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പുഴകളിലെ ജലനിരപ്പ് സാധാരണ സ്ഥിതിയിലാണ്. ജില്ലയിൽ യെല്ലോ അലർട്ട് തുടരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ജില്ലയിൽ ഒക്ടോബർ 18,19 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാല 18.10.2021 (തിങ്കൾ) ന് നടത്താനിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും, ഐ. റ്റി. പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശ്ശേരി ക്യാംപസിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് കക്കയം അണക്കെട്ടിലേക്കുള്ള വഴിയിൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞ് റോഡ് നശിച്ചു. വാഹനം പോവുമ്പോൾ റോഡ് കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. റോഡ് അറ്റകുറ്റ പണികൾക്കാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സംസ്ഥാനത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും മുഴുവൻ സമയം പ്രവർത്തിക്കുമെന്നു് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് തീവ്ര മഴ ഇനിയും അനസാനിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെത്തുടർന്ന് കെഎസ്ഇബിക്ക് ഏകദേശം 13.67 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കെഎസ്ഇബിഎൽ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗം. 60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ തകരാറിലായിട്ടുണ്ട്. ആകെ 3074 എണ്ണം നിലച്ചു പോയി. 339 ഹൈ ടെൻഷൻ പോസ്റ്റുകൾ, 1398 ലോ ടെൻഷൻ പോസ്റ്റുകൾ എന്നിവ നശിച്ചുപോയി. ആകെ 4 .18 ലക്ഷം വൈദ്യുതി കണക്ഷനുകൾ തകരാറിലായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പത്തനംതിട്ട, പാലാ, തൊടുപുഴ എന്നീ സിർക്കിളുകളിലാണ് സംഭവിച്ചിട്ടുള്ളത്.
കക്കി, ഇടുക്കി, ഇടമലയാർ എന്നീ അണക്കെട്ടുകളിൽ ജലവിതാനം അധികമാണെങ്കിലും അടുത്ത ദിവസങ്ങളിൽ ഷട്ടർ തുറക്കേണ്ടുന്ന സാഹചര്യമില്ലെന്ന് കെഎസ്ഇബിഎൽ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗത്തിൽ തീരുമാനം. ഇടുക്കി, ഇടമലയാർ,ബാണാസുരസാഗർ ഷോളയാർ എന്നിവിടങ്ങളിലെ ഉൽപ്പാദനം ക്രമീകരിച്ചു കൊണ്ട് ജല വിതാനം നിയന്ത്രിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഇടുക്കി, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേവൽ എയർ സ്റ്റേഷനിൽ നിന്നുള്ള ഹെലികോപ്റ്ററായ ഐഎൻഎസ് ഗരുഡ 0900 അയച്ചതായി ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനത്തിന് കോപ്റ്റർ അയച്ചത്.

കെഎസ്ഡിഎംഎ തയ്യാറാക്കിയ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനാണ് വിമാനം ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ യെണ്ടയാർ ജെജെഎംഎം ഹൈസ്കൂളിലെ ഹെലിപാഡിലേക്ക് ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ എത്തിച്ചതായും നാവിക സേന അറിയിച്ചു.

ദുരന്ത ബാധിത പ്രദേശങ്ങളിലെ ആകാശ ദൃശ്യങ്ങൾ ഹെലികോപ്റ്ററുകളുപയോഗിച്ച് ശേഖരിക്കും. നാവിക സേനയുടെ മുങ്ങൽ സംഘത്തെ രക്ഷാ പ്രവർത്തനത്തിന് എപ്പോൾ വിളിച്ചാലും പങ്കെടുക്കാനാവുന്ന വിധം സജ്ജമാക്കിയതായും സേന അറിയിച്ചു
കണ്ണമൂലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ അതിഥിത്തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനെ കണ്ടെത്തുന്നതിനായി നീന്തല്‍ വിദഗ്ദ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല് ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതിനിടെ തിരുവനന്തപുരം വിതുര കല്ലാർ – നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (23) ആണ് മരിച്ചത്.
സംസ്ഥാനത്ത് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പ്ലസ് വൺ പരീക്ഷകളും വിവിധ സർവകലാശാലാ പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
കേരളത്തിലെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിതീവ്രമഴയും ഉരുൾപൊട്ടലും അതിൻ്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
കൊക്കയാറിൽ ഉരുൾപൊട്ടലിൽ ഒഴുക്കിൽ പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഫൗസിയ (28), മകൻ അമീൻ (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി.
ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും കൃഷിയിടങ്ങളുമാണ് മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായത്. മുണ്ടക്കയത്ത് ഇരുനില വീട് ശക്തമായ മലവെള്ളപ്പാച്ചിലിൽ നിലംപൊത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മുണ്ടക്കയം കുട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലിൽ ഇന്ന് രാവിലെ ഒഴുകിപ്പോയത്.
Read More: മലവെള്ളപ്പാച്ചിലിൽ ഇരുനില വീട് നിലംപൊത്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യം
കൊക്കയാർ ഉരുൾപൊട്ടലിൽ ഒഴുക്കിൽപെട്ട് കാണാതായ ഷാജി ചിറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. പുഴയിൽ മുണ്ടക്കയം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ നാലായി ഉയർന്നു.
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചെന്നുംമന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. തെരച്ചിൽ നിർത്തിയിട്ടില്ല. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു
കോട്ടയം ജില്ലയിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതായി മന്ത്രി വി.എൻ വാസവൻ. തെരച്ചിൽ നിർത്തിയിട്ടില്ലെന്നും മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ല . രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചതായും മന്ത്രി പറഞ്ഞു.
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് വില്ലേജിൽ വാഴേങ്കട കണ്ണത്ത് കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 11 കുടുംബങ്ങളെ വാഴേങ്കട ക്ഷേത്രത്തിന് സമീപമുള്ള ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പിൽ നിലവിൽ 52 പേരാണുള്ളത്.
അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി കൊക്കയാറില്‍ ഇന്നലെയുണ്ടായ കനത്ത മഴയില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് പേരെയാണ് കൊക്കയാറില്‍ കാണാതായത്. പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്രത കുറഞ്ഞെങ്കിലും പ്രദേശത്ത് മഴ തുടരുകയാണ്. ഇപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന വലിയ പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പ്രദേശത്തുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് അടുത്ത വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
17-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
20-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
21-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം.

മഴക്കെടുതില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപം ധനസഹായം നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒന്‍പത് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ 12 എട്ടായി ഉയര്‍ന്നു. ഇനി കാണാതായ ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇടുക്കി കൊക്കയാറില്‍ എട്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ് .
ജലസേചന വകുപ്പ് പുറത്തു വിട്ട് കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മുണ്ടക്കയത്ത്. 347 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
മലപ്പുറം പൊന്നാനി മാറഞ്ചേരി വില്ലേജിൽ ഒറ്റപ്പെട്ട തുറുവാണം ദ്വീപിലേക്ക് ഗതാഗതം പുനസ്ഥാപിച്ചു.

കൂട്ടിക്കൽ കാവാലിയിൽ ദുരന്തമുഖത്തു നിന്ന് കണ്ടെടുത്ത മാർട്ടിന്റെ മൃതദേഹവുമായി രക്ഷാപ്രവർത്തകർ.

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ രാത്രി ഗതാഗതം, ക്വാറി പ്രവർത്തനം എന്നിവ ജില്ല കലക്ടർ നിരോധിച്ചു. കൂടാതെ വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ തുറന്നു പ്രവർത്തിക്കണം.
കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഡാം തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രളയ സാധ്യത നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉരുൾപൊട്ടലും മഴക്കെടുതിയും ഉണ്ടായ മേഖലകൾ സന്ദർശിക്കുന്നതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുറപ്പെട്ടു. ഇടുക്കി കൊക്കയാർ, കോട്ടയം കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിൽ ഉച്ചയോടെ പ്രതിപക്ഷ നേതാവെത്തും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകളും സന്ദർശിക്കും.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പ്ലസ് പരീക്ഷകന് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃത്ദേഹം ഇന്ന് പുലർച്ചെ കണ്ടെത്തി. പട്ടിമറ്റം കല്ലോലിൽ ചെക്ക്ഡാമിലാണ് മൃത്ദ്ദേഹം കണ്ടത്.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഇനി അഞ്ച് പേരെക്കൂടിയാണ് ഇവിടെ നിന്ന് കണ്ടെത്താനുള്ളത്. ഇടുക്കി കൊക്കയാറില്‍ എട്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
മണിമലയാറിന്റെ ഇരു കരകളെയും ബന്ധിപ്പിച്ചിരുന്ന ചെറുവള്ളി പാലം ഒലിച്ചു പോയി. പഴയിടം പാലത്തിനും കേടുപാടുകൾ.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട് മുഖ്യമന്ത്രി അറിയിച്ചു.
ഉരുള്‍പൊട്ടലുണ്ടായി വന്‍ നാശനഷ്ടമുണ്ടായ കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
