തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ അഞ്ചാം തിയതി വരെ തീവ്രതയോടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടരാൻ കാരണം. ഇതോടെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 02: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
- നവംബര്‍ 03: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്.
- നവംബര്‍ 02: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
- നവംബര്‍ 03: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
- നവംബര്‍ 04: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശ്ശൂർ, കോഴിക്കോട്, വയനാട്.
- നവംബര്‍ 05: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം.
കേരള – ലക്ഷദ്വീപ് തീരത്ത് നവംബര്‍ അഞ്ചാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിലും മൂന്നാം തിയതി വരെ തെക്ക്-കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും അഞ്ചാം തിയതി വരെ തെക്ക്-കിഴക്കൻ അറബിക്കടലിലും സമാന കാലവസ്ഥയായിരിക്കും.
അതേസമയം, സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), ഷോളയാര്‍ (തൃശൂര്‍), കക്കി ആനത്തോട് (പത്തനംതിട്ട) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.