തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകള്‍ പിന്‍വലിച്ചു. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മധ്യ, തെക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തി പ്രാപിക്കും.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
- നവംബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്.
കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മധ്യ-കിഴക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം നിലനിൽക്കുകയാണ്. തെക്ക് ആൻഡമാൻ കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ട്.