തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ജവാദ് ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുംമണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 04: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
- നവംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
- നവംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ‘ജവാദ് ‘ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിൽ വടക്ക് ദിശയിൽ മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു, ഇന്ന് രാവിലെ 8.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖപട്ടണത്തിനു 210 km കിഴക്കു – തെക്കു കിഴക്കായും, ഗോപാൽപൂരിനു 320 km തെക്കായും പുരിയിൽ നിന്ന് 390 km തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപിൽ നിന്ന് 470 km തെക്കു- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.
അടുത്ത 12 മണിക്കൂറിൽ ശക്തി ക്ഷയിച്ചു വടക്കു ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് അതിതീവ്ര ന്യുന മർദ്ദമായി എത്തിച്ചേരാൻ സാധ്യത. തുടർന്ന് ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനും സാധ്യത.
ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കു പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന പ്രദേശങ്ങളിലും വടക്ക് ആന്ധ്ര പ്രദേശ് – ഒഡിഷ – വെസ്റ്റ് ബംഗാൾ തീരങ്ങളിലും മണിക്കൂറിൽ 90 മുതൽ 100 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 110 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
നാളെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ – അതിനോട് ചേർന്ന പ്രദേശങ്ങളിലും ഒഡിഷ – വെസ്റ്റ് ബംഗാൾ തീരങ്ങളിലും മണിക്കൂറിൽ 60 മുതൽ 70 കി. മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥയ്ക്കും സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.