കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ. കൂട്ടിക്കല്‍ ഇളംകാട് ഭാഗത്ത് വീണ്ടും ഉരുള്‍പൊട്ടിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മൂപ്പന്മല, മ്ലാക്കര മേഖലകളില്‍ ഉരുള്‍പൊട്ടിയതായാണു പറയപ്പെടുന്നത്. മണിമലയാറ്റിലേക്കു പ്രവേശിക്കുന്ന പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടായേക്കും. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്രന്യുന മർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോയേക്കും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു. നവംബർ ഒന്‍പതോടെ ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പുതിയൊരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 05: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 06: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 07: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 08: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
കേരള – ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും, കർണാടക തീരത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട), ഷോളയാര്‍ (തൃശൂര്‍) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.