തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ 25 വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലും കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രാത്രി യാത്രകൾ കർശനമായും ഒഴിവാക്കണം. നദികൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ പോകുകയോ കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾ വേഗത കുറച്ച് യാത്ര ചെയ്യണം. ഇരുചക്ര വാഹന യാത്രികർ വേഗത കുറച്ചും ഏറെ ശ്രദ്ധയോടെയും ഡ്രൈവ് ചെയ്യണം. അത്യാവശ്യമില്ലാത്ത യാത്രകളെല്ലാം ഒഴിവാക്കുന്നതോടൊപ്പം അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 21: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 21: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കാസർഗോഡ്
- ഒക്ടോബര്‍ 22: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 23: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 24: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 24: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഇന്നലെ രാത്രി സംസ്ഥാനത്ത് പലയിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. മധ്യ, വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ രണ്ടിടത്തും മലപ്പുറത്തും ഉരുൾ പൊട്ടലുണ്ടായി. രണ്ടിടത്തും ആളപായമില്ല. അൻപതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മലയോരമേഖലകളിലും പുലർച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ രാത്രി 2.30ന് ഉയർത്തി. പത്ത് സെന്റിമീറ്റർ വീതം രണ്ടു ഷട്ടറുകളാണ് ഉയർത്തിയത്.
Also Read: 2022 Public Holidays- Kerala: 2022 വർഷത്തെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.