തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിൽ ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ ബംഗാൾ ഉൾക്കടലിൽ എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
നാളെയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രഖാപിച്ചിരുന്ന യെല്ലോ അലർട്ടുകൾ പിൻവലിച്ചു. അടുത്ത അഞ്ചു ദിവസം കേരളത്തിലെ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി. നിലവിൽ സ്പിൽവേയിലെ ഒമ്പത് ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കുകയാണ്. അഞ്ച് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതവും നാല് ഷട്ടറുകൾ 30 സെന്റിമീറ്ററും തുറന്ന് 5691 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
ഇന്ന് കേരള – കർണാടക തീരങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ഇരകളുടെ സംരക്ഷണത്തിനുള്ള ചട്ടങ്ങൾ ഫലപ്രദമായി നടപ്പാവാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് കോടതി