വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്

Rain , Monsoon, Umbrella, മഴ , Iemalayalam

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിക്കാനുള്ള സൂചനയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഡിസംബർ മൂന്ന് മുതൽ ഒന്‍പത് വരെ സാധാരണ തോതിലുള്ള മഴ ലഭിക്കും. അടുത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
  • നവംബര്‍ 30: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജലനിരപ്പ് ഉയർന്നതിനാൽ ഇന്നലെ രാത്രി വീണ്ടും തുറന്ന മുല്ലപെരിയാർ ഡാമിന്റെഷട്ടറുകളിൽ ഒന്ന് അടച്ചു. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് തുറന്ന രണ്ട് സ്പിൽവേ ഷട്ടറുകളിൽ ഒന്ന് വീണ്ടും അടച്ചത്. 141.90 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ 3, 4 ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 06:30 ന് ഇരു ഷട്ടറുകളും 20 സെന്റീമീറ്റർ കൂടി ( ആകെ – 140 സെന്റീമീറ്റർ ) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. താഴ്ന്ന സ്ഥലങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ടായി. പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ജില്ലാ കളക്ടർ ഇന്ന് (നവംബർ-29- തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്നു കൂടി അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതേ തുടർന്നാണ് അവധി നൽകിയത്.

Also Read: തൃശൂര്‍ ജില്ലയില്‍ നോറോ വൈറസ് വ്യാപനം; ജാഗ്രതാ നിര്‍ദേശം

കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് ആന്ധ്രാ – തമിഴ്നാട് തീരത്തു വടക്ക് കിഴക്കൻ കാറ്റ് ശക്തമാണ്. തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമര്‍ദം നാളെയോടെ രൂപപ്പെടാനും സാധ്യത. ഇത് തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്കു പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അറബികടലിൽ മറ്റന്നാൾ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected alerts updates

The moderation of comments is automated and not cleared manually by malayalam.indianexpress.com