scorecardresearch

ശനി, ഞായർ ദിവസങ്ങളിൽ മഴ കുറയും; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിന്റെ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത

Rain , Monsoon, Umbrella, മഴ , Iemalayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനി, ഞായർ ദിവസങ്ങളിൽ മഴ കുറയും. എന്നാൽ തിങ്കളാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളത്തിന്റെ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 18: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • നവംബര്‍ 20: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • നവംബര്‍ 22: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. തീവ്രന്യൂനമർദ്ദം നിലവിൽ ചെന്നൈക്ക് 310 കിലോ മീറ്റർ തെക്കു കിഴക്കായും, പുതുച്ചേരിക്ക് 290 കിലോ മീറ്റർ കിഴക്കു-തെക്കു കിഴക്കായും, കാരൈക്കലിന് 270 കിലോ മീറ്റർ കിഴക്കു വടക്കു കിഴക്കായും സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് – തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, മധ്യകിഴക്കൻ അറബിക്കടലിലെ ന്യൂനമർദവും അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ നിന്നും അകന്നു പോകുന്നതിനാൽ ഭീഷണിയില്ല.

Also Read: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവം; കാർ ഓടിച്ചയാൾ അറസ്റ്റിൽ

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കിയുടെ മലയോര മേഖലകളിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. ശക്തമായ മഴയിൽ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. കുമളി ടൗണിൽ ദേശീയപാതയിൽ ഉൾപ്പെടെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. അഞ്ചുരുളിയിലേക്കുള്ള റോഡിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഗതാഗതം തടസപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather heavy rain expected alerts updates