Latest News

സംസ്ഥാനത്ത് 15 വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലെർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് നിർദേശം

മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ഈ ദിവസങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം

Kerala Weather, Rain Updates

തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഉൾപ്പടെ വിവിധ കാലാവസ്ഥാ മോഡലുകൾ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടക്കം റെഡ് അലെർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) നിർദേശം നൽകി.

സംസ്ഥാനത്ത് മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ഈ ദിവസങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണെന്നും അതോറിറ്റി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം തെക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി ഇറിയിച്ചു.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ എൻസിഎംആർഡബ്ല്യുഎഫിന്റെ എൻസിയുഎം കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത പ്രവചിക്കുന്നു.

നാഷനൽ സെന്റേഴ്സ് ഫോർ എൻവയൺമെന്റൽ പ്രെഡിക്ഷനിന്റെ (എൻസിഇപി) ഗ്ലോബൽ ഫോർകാസ്റ്റ് സിറ്റം (ജിഎഫ്എസ് കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും തെക്കൻ കേരളത്തിൽ അതിതീവ്ര മഴയും,മറ്റന്നാൾ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴ സാധ്യത പ്രവചിക്കുന്നു.

യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റ (ഇസിഎംഡബ്ല്യുഎഫ്) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് തെക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് മുന്നറിയിപ്പുള്ളതായും കെഎസ്ഡിഎംഎ മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിൽ നാളെ വ്യാപകമായി അതിതീവ്ര മഴയും മറ്റന്നാൾ കേരളത്തിൽ അതിശക്തമായ മഴയും ഇസിഎംഡബ്ല്യുഎഫ് പ്രവചിക്കുന്നു. മറ്റന്നാൾ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ അതിതീവ്ര മഴയുടെ സൂചനയും ഇസിഎംഡബ്ല്യുഎഫ് നൽകുന്നു.

സ്വകാര്യ ഏജൻസിയായ ഐബിഎം വെതർ ഇന്ന് തെക്കൻ കേരളത്തിൽ അതിതീവ്ര മഴ സൂചന നൽകുന്നു

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണെന്നും അതോറിറ്റി നിർദേശിച്ചു.

ഷട്ടറുകൾ ഉയർത്തി

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 320 സെന്റീമീറ്റർ ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 06:00 ന് 80 സെന്റീമീറ്റർ കൂടി ഉയർത്തുമെന്നും (ആകെ 400 സെന്റീമീറ്റർ ) ജില്ലാ കളക്ടർ അറിയിച്ചു.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 460 സെന്റീമീറ്റർ ഉയർത്തിയ. ശനിയാഴ്ച വൈകീട്ട് 05:00 ന് അത് 40 സെന്റീമീറ്റർ കൂടി ( ആകെ 500 സെന്റീമീറ്റർ) ഉയർത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കേരളത്തിൽ കനത്ത മഴ

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ കനത്ത മഴ പെയ്തു. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 13: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
  • നവംബര്‍ 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ്.
  • നവംബര്‍ 15: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 13: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
  • നവംബര്‍ 14:എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
  • നവംബര്‍ 15: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
  • നവംബര്‍ 16: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

അതേസമയം, ബംഗാൾ ഉൾകടലിൽ ആന്താമാൻ കടലിൽ പുതിയ ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് നവംബർ 15 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു ചെന്നൈയുടെ കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം ദുർബലമായി വീണ്ടും അറബിക്കടലിൽ പ്രവേശിക്കാനും തുടർന്ന് വീണ്ടും ശക്തി പ്രാപിച്ചു കേരള തീരത്ത് ന്യുനമർദ്ദമായി മാറാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട് .

Also Read: തിരുവനന്തപുരത്ത് കനത്ത മഴ, റെഡ് അലർട്ട്; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

അടുത്ത രണ്ടു ആഴ്ചയും( നവംബർ 12-25) കേരളത്തിൽ, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നൽകുന്നു.

കേരളതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന തെക്ക് -കിഴക്കൻ അറബിക്കടലിലും നാളെ (നവംബർ 14) വരെയും ഗൾഫ് ഓഫ് മാന്നാറിലും കന്യാകുമാരി പ്രദേശത്തും ഇന്ന് (നവംബർ 13) വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected alerts live updates

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com