Latest News

മഴ: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടുക്കിയിലും തിരുവനന്തപുരത്തും രാത്രിയാത്രാ നിരോധനം

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്

rain, night, monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 25: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
  • നവംബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
  • നവംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • നവംബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • നവംബര്‍ 29: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

Also Read: പച്ചക്കറി വില വർദ്ധനവ്: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികൾ ഇന്നു മുതൽ എത്തി തുടങ്ങും

ആളിയാർ ഡാമിൽ നിന്നും 990 ഘനയടി വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ മൂലത്തറ റെഗുലേറ്റർ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടതിനാൽ ചിറ്റൂർ പുഴയിൽ വെള്ളത്തിൻറെ അളവ് കൂടാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാർ ഡാം തുറന്നേക്കും. നിലവില്‍ 822.20 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. ഇത് 823.60 അടിയിലേക്ക് എത്തിയാല്‍ ഡാം തുറക്കും. സ്‌ഫെറിക്കൽ വാൽവിലെ തകരാറിനെ തുടർന്ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. സ്‌ഫെറിക്കൽ വാൽവിനോട് ചേർന്നുള്ള റബ്ബർ സീലാണ് തകരാറിലായത്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദം തെക്കൻ ആന്തമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് ഇത് ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോ മീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാല്‍ പ്രസ്തുത മേഖലകളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നവംബർ 27ന് കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected alert updates

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com