Kerala Weather Live Updates: തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ന്യൂനമർദം ദുർബലമാകും

ഓഗസ്റ്റ് നാലിന് ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗത്തായി രൂപംകൊണ്ട് ന്യൂനമർദം മധ്യ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ദുർബലമാകും ദുർബലമാകും.

രണ്ടാം ന്യൂനമർദത്തിനു സാധ്യത

ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഒൻപതോടെ രണ്ടാം ന്യൂനമർദത്തിനു സാധ്യത. ഓഗസ്റ്റ് പത്ത് വരെ കേരളത്തിൽ മഴ തുടരും. ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെ ശക്തമായ മഴക്ക് സാധ്യത.

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ശനിയാഴ്‌ചവരെ വരെ കനത്ത മഴയ്ക്ക് സാധ്യത. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ഇവിടങ്ങളിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204.5 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

Read Also: രാമക്ഷേത്രത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണം. ശനിയാഴ്‌ച അതിശക്തമായ മഴയ്ക്കാണ് സാധ്യത. വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി അധിക ജലം തുറന്ന് വിടും.

ശക്തമായ കാറ്റും മഴയും: മരം വീണ് ആറുവയസ്സുകാരി മരിച്ചു

ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു.

വെെത്തിരി താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

മഴ കനത്തതോടെ വയനാട് വൈത്തിരി താലൂക്കിൽ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്കും ക്വാറന്റൈനില്‍ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. പൊഴുതനയിൽ ക്വാറന്റൈനില്‍ കഴിയുന്ന 32 കുടുംബങ്ങളെ ലക്കിടിയിൽ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി.

കണ്ണൂരില്‍ മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും കണ്ണൂരില്‍ മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വൈദ്യുതലൈന്‍ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂര്‍ അഗ്‌നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചു.

കെഎസ്ഇബി ഡാമുകളിൽ ഇന്നലെ പെയ്ത മഴ

തരിയോട് 130
ലോവർ പെരിയാർ 117 mm
നേര്യമംഗലം 102
പൊന്മുടി 100
കുറ്റിയാടി 100
മാട്ടുപ്പെട്ടി 96
ഇടുക്കി 82.4
ഷോളയാർ 88
പമ്പ 49
കക്കി 44
ഇടമലയാർ 48

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook