തിരുവനന്തപുരം. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തീവ്രമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 4: പത്തനംതിട്ട, ഇടുക്കി
- ഒക്ടോബര്‍ 5: ഇടുക്കി, മലപ്പുറം
- ഒക്ടോബര്‍ 6: കോഴിക്കോട്
ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 3: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഒക്ടോബര്‍ 4: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഒക്ടോബര്‍ 5: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഒക്ടോബര്‍ 6: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- ഒക്ടോബര്‍ 7: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
അതേസമയം, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കോഴിക്കോട്-വയനാട് പാതയില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. മുക്കം ആലിന്‍ചുവടില്‍ നാല് കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
കാസര്‍ഗോഡ് മലയോരമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മരുതോം മലയോര ഹൈവേയിൽ പാലക്കൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അറബിക്കടലിൽ പ്രവേശിച്ച ‘ഷഹീൻ’ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ മാക്രാൻ തീരത്ത് എത്തുമെന്നും ഒക്ടോബർ നാലിന് പുലർച്ചയോടെ ഒമാൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തു നിന്നും ദൂരേക്ക് സഞ്ചരിക്കുകയാണ്. കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല.