തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതികൾ നേരിടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 3,071 കെട്ടിടങ്ങളാണ് പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ളത്. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങൾ ഉൾപ്പടെ 69 പേരുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25,000 രൂപ നല്‍കാൻ പ്രത്യേക ഉത്തരവും പുറത്തിറക്കി.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ പ്രളയ കാലത്ത് പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 10 വരെയും കർണാടക തീരത്ത് 12 വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജില്ല – താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് ടീമിനെ പുതുക്കി നിശ്ചയിച്ചു. അവർക്കുള്ള പരിശീലനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം തീരുമാനിച്ചു.