കുട്ടനാട്: കനത്ത മഴ തുടരുന്ന ആലപ്പുഴ ജില്ലയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ദുരിതത്തിലായി ജനങ്ങള്‍. രാത്രിയിലും പുലര്‍ച്ചെയും മഴ ശമിക്കാതെ പെയ്തതിനാല്‍ ആറുകളിലും തോടുകളിലും ജലനിരപ്പ് ഗണ്യമായി വര്‍ധിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷം.
അപ്പര്‍ കുട്ടനാട്ടില്‍ വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിത്തുടങ്ങി. ചെങ്ങന്നൂര്‍ താലൂക്കില്‍ മാത്രം ഒന്‍പത് ക്യാമ്പാണ് തുറന്നിരിക്കുന്നത്. വെണ്‍മണിയില്‍ മൂന്ന് ക്യാമ്പാണുള്ളത്. 67 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മാവേലിക്കരയില്‍ നാല് ക്യാമ്പും തുറന്നു.
വെള്ളം പൊങ്ങിയതോടെ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശമുണ്ടായി. കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ നെടുമുടി മാത്തൂരിലാണ് നാശനഷ്ടം കൂടുതല്‍. 543 ഏക്കറാണ് മാത്തൂര്‍ പാടശേഖരം. മഴ തുടരുകയാണെങ്കില്‍ നെല്ല് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.