കുട്ടനാട്ടില്‍ ജാഗ്രത; താഴ്ന്ന പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കും

കുട്ടനാട്ടിലെ പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്

Kuttanad, Kerala Floods
ഫയല്‍ ചിത്രം

ആലപ്പുഴ: സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയില്‍ ഡാമുകള്‍ തുറന്നതും നദികളിലെ ജലനിരപ്പും ഉയര്‍ന്നതോടെ കുട്ടനാട്ടില്‍ ജനജീവിതം ദുഷ്കരമായിരിക്കുകയാണ്. പമ്പ, മണിമലയാര്‍ ഡാമുകള്‍ രാവിലെ തുറന്നതോടെ വെള്ളപ്പൊക്കം രൂക്ഷമായേക്കുമെന്നാണ് നിഗമനം. പ്രസ്തുത സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളേയും മാറ്റി പാര്‍പ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

തിരുവല്ല, തലവടി, എടത്വ, മാന്നാര്‍, വീയ്യപുരം മേഖലകളില്‍ ഇടവിട്ട് മഴ പെയ്യുന്നത് തുടരുകയാണ്. തകഴി കേളമംഗലം ഭാഗങ്ങളില്‍ പല റോഡുകളും ഇതിനോടകം തന്നെ വെള്ളത്തിലായിരിക്കുകയാണ്. രാമങ്കരി ഭാഗത്ത് മടവീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ തിരുമാനിച്ചിരിക്കുന്നത്.

അതേസമയം, കോട്ടയത്ത് മണിമലയാറില്‍ ജലനിരപ്പ് ഉയര്‍ന്നതു മൂലം വെള്ളാവൂര്‍ പഞ്ചായത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഏകദേശം 350 ല്‍ പരം വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇരുനൂറിലധികം വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. മണിമല ടൗണില്‍ മാത്രം 10 കോടി രൂപയിലധികം വരുന്ന നഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

കോവിഡിന് ശേഷം വ്യാപാര മേഖല തിരിച്ചു വരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വെള്ളപ്പൊക്കത്തിലൂടെ വീണ്ടും പ്രതിസന്ധിയുണ്ടായിരിക്കുന്നത്. 2018 ല്‍ ഉണ്ടായ മഹാപ്രളയത്തിനേക്കാള്‍ ഭീകരമായിരുന്നു ഇത്തവണത്തേതെന്ന് പ്രദേശവാസികള്‍ പറയുന്നു. “2018 ല്‍ മുന്‍കരുതല്‍ സ്വീകരിക്കാനുള്ള സമയമെങ്കിലും ലഭിച്ചിരുന്നു, പക്ഷെ ഇത്തവണ വെള്ളമെത്തിയത് അപ്രതീക്ഷിതമായാണ്,” പ്രദേശവാസി മനോരമ ന്യൂസിനോട് പറഞ്ഞു.

Also Read: Kerala Weather: ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy floods expected in kuttanad

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express