scorecardresearch

Kerala Weather: ശക്തമായ മഴ തുടരുന്നു; നാളെ മുതൽ കുറയുമെന്ന് പ്രവചനം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് 52.18 സെന്റിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകൾ

Rain, Weather

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നതെന്നാണ് വിവരം. ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് മഴ ശക്തമായി തുടരാൻ കാരണം.

അതേസമയം,കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന മഴ നാളെ മുതൽ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് 52.18 സെന്റിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകൾ.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്‌. അതേസമയം, കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസമില്ല.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

  • 17-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
  • 18-07-2022: ഇടുക്കി, മലപ്പുറം, കാസർഗോഡ്
  • 19-07-2022: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്
  • 20-07-2022: ഇടുക്കി, എറണാകുളം, മലപ്പുറം

കോഴിക്കോട്, പാലക്കാട് , കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷി നാശമുണ്ടായി. കോഴിക്കോട് മൂഴിക്കലില്‍ പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു അടുക്കള തകർന്നു. ആർക്കും പരുക്കില്ല. മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് മാറിയിട്ടില്ല. കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയർത്തിയ നിലയിലാണ്.

പാലക്കാട് മലയോര മേഖലകളിൽ കാറ്റും മഴയും തുടരുകയാണ്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരിക്കുകയാണ്. അട്ടപ്പാടി ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ചാവക്കാടില്‍ ശക്തമായ കാറ്റിലും മഴയിലും 20 വീടുകള്‍ ഭാഗികമായി തകർന്നു.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. നിലവിലെ റൂൾ കർവ് പ്രകാരം ജൂലൈ 19 വരെ 136.30 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അപ്പർ റൂൾ കർവിനോട് അടുത്താൽ സ്പിൽവേ ഷട്ടർ തുറന്നേക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather forecast rain alerts updates

Best of Express