കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ കനത്ത മഴയാണ് പെയ്യുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ എട്ട് ജില്ലകൾ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലായി മഴക്കെടുതിയിൽ നാല് പേർ മരിച്ചു.
കോഴിക്കോട്ട് ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദും (13) എടച്ചേരി ആലിശേരി സ്വദേശി അഭിലാഷും (40) കുളത്തിൽ വീണാണ് മരിച്ചത്. മദ്രസ കഴിഞ്ഞു സൈക്കിളിൽ വരുകയായിരുന്നു മിർഷാദ് കുളത്തിലേക്ക് വീഴുകയായിരുന്നു. പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷിന് ജീവൻ നഷ്ടമായത്. വയനാട്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ ബാബുവാണ് മരിച്ചത്. കാസർഗോഡ് ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീണ് ഷോൺ ആറോൺ ക്രാസ്റ്റ(13) എന്ന വിദ്യാർത്ഥി മരിച്ചു.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിൽ ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു വീടുകൾക്ക് നാശനഷ്ടമുണ്ടായി. കോഴിക്കോട് മാവൂരിൽ വിവാഹ സൽക്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചു കയറി ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ നശിച്ചു. കക്കയം ഡാമിന്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമിൽനിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. മഴ ശക്തമായതോടെ കുറ്റ്യാടി കായക്കൊടി റോഡിൽ വെള്ളം കയറി. കല്ലാച്ചി ടൗൺ ഉൾപ്പെടെ വെള്ളത്തിലായി.
കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാനായാണ് ഷട്ടറുകൾ മുപ്പത് സെന്റിമീറ്റർ വീതം തുറന്നത്. ഡാം തുറന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വയനാട്ടിൽ 16 ദുരിതാശ്വാസ ക്യാപുകളിലായി 206 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും കൂടാതെ മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
- 16-07-2022: ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- 17-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
- 18-07-2022: ഇടുക്കി, മലപ്പുറം, കാസർഗോഡ്
- 19-07-2022: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്
- 20-07-2022: ഇടുക്കി, എറണാകുളം, മലപ്പുറം