തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ജൂൺ ഏഴ് വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാൾ അധികം മഴ ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: ഗുരുവായൂരിൽ വീണ്ടും കല്യാണമേളം; ഇന്ന് ഒൻപത് വിവാഹങ്ങൾ

ഇന്നലെ രാത്രി പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. ഇപ്പോഴും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ മേഖലയിലും, നദി തീരത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് നിലനിർത്തുന്നതിന്റെ ഭാഗമായി അരുവിക്കര ഡാമിന്റെ ഷട്ടര്‍ 80 സെന്റീമീറ്റർ ഉയർത്തി.

ശക്തമായ കാറ്റിനു സാധ്യത

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികൾ മുൻകരുതൽ എടുക്കണമെന്നും നിർദേശം നിർദേശം.

അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ട് ഉള്ള ജില്ലകൾ

ജൂൺ ആറ് നാളെ:  കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

ജൂൺ ഏഴ് മറ്റന്നാൾ: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

മുന്നറിയിപ്പ്

വേങ്ങര ഗ്രാമപഞ്ചായത്തിലെ ബാക്കിക്കയം റഗുലേറ്ററിന്റെയും മമ്പാട് ഗ്രാമപഞ്ചായത്തിലെ ഒടായിക്കല്‍ റഗുലേറ്ററിന്റെയും ഷട്ടറുകള്‍ ഏതുനിമിഷവും ഉയര്‍ത്താന്‍ സാധ്യതയുളളതിനാല്‍ കടലുണ്ടി, ചാലിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.