തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനോട് ആരാഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിതീവ്രമഴയും ഉരുൾപൊട്ടലും അതിൻ്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്താകെ നിലവിൽ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: അതീവ ജാഗ്രത വേണം; ബാധിക്കപ്പെട്ട ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും: മുഖ്യമന്ത്രി
ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്. എൻജിനിയർ ടാസ്ക് ഫോഴ്സ് ടീം ബാംഗ്ലൂർ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയർ ഫോഴ്സിന്റെ രണ്ട് ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.