ആലപ്പുഴ: വിവാഹത്തിന് വില്ലനായി മഴയും വെള്ളപ്പൊക്കവുമെത്തിയാല് എന്ത് ചെയ്യും? സാധരണക്കാര്‍ക്ക് പല ആശങ്കകളും ഉണ്ടായേക്കാം, എന്നാല്‍ ആലപ്പുഴക്കാര്‍ക്ക് അതിജീവിക്കാനുള്ള മാര്‍ഗങ്ങളെല്ലാം സുപരിചിതമാണ്. വെള്ളപ്പൊക്കത്തെ അതിജീവിച്ച് ചെമ്പില്‍ വിവാഹ വേദിയിലെത്തിയിരിക്കുകയാണ് തകഴി സ്വദേശിയായ ആകാശും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയും.
ഇരുവരുടേയും വിവാഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് തലവടിയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. തലവടി പനയന്നൂര്‍കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. കല്യാണ വസ്ത്രം ധരിച്ച് വെള്ളത്തിലൂടെ പോകാനുള്ള ബുദ്ധിമുട്ട് കണക്കാക്കിയായിരുന്നു വ്യത്യസ്തമായ യാത്ര.
ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ഇരുവരേയും ക്ഷേത്രത്തിലെത്തിച്ചത്. വെള്ളപ്പൊക്കമായതിനാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കല്യാണത്തിനായി ചെമ്പിനകത്ത് കയറി വരേണ്ടി വരുമെന്ന് പ്രതിക്ഷിച്ചില്ല എന്ന് വധു ഐശ്വര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തലവടിയില്‍ ശനിയാഴ്ച മുതല്‍ തന്നെ വെള്ളം കയറുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയായി. ഫയര്‍ഫോഴ്സ് എത്തിയാണ് ഭൂരിഭാഗം കുടുംബങ്ങളേയും രക്ഷപ്പെടുത്തിയത്. ഡാമുകള്‍ കൂടി തുറന്നതിനാല്‍ പ്രദേശവാസികള്‍ എല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്.