scorecardresearch

Walayar Case: മൊഴി എന്റേതല്ല, പൊലീസ് എഴുതിപ്പിടിപ്പിച്ചത്; വാളയാർ പെൺകുട്ടികളുടെ അമ്മ

“ഞങ്ങള്‍ പൊലീസിനെ കണ്ണടച്ചു വിശ്വസിച്ചു. ഞങ്ങള്‍ക്കൊപ്പമാണെന്ന് പോലീസ് ഞങ്ങളെ വിശ്വസിപ്പിച്ചു. എഫ്‌ഐആര്‍ പോലും വായിച്ചുകേള്‍പ്പിച്ചില്ല. അവര്‍ ആവശ്യപ്പെട്ട പേപ്പറുകളിലൊക്കെ ഞങ്ങള്‍ ഒപ്പിട്ടു നല്‍കി. അവസാനം കോടതിയിലെത്തിയത് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളേ അല്ല”

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

പാലക്കാട്: വാളയാറില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. തന്‌റെ മൊഴി എന്ന പേരില്‍ പൊലീസുകാര്‍ നല്‍കിയ വാക്കുകള്‍ തന്‌റേതല്ലെന്നും അതു പൊലീസ് ഭാഷ്യമാണെന്നും പെൺകുട്ടികളുടെ അമ്മ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“തുടര്‍ച്ചയായ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു തോന്നിയപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ്,” എന്ന് അമ്മ രഹസ്യമൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുകയാണ് അമ്മ.

Read More: ഏഴ് വർഷം 37 പോക്സോ കേസുകൾ, 17 ഇരകൾ; വാളയാറിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

“ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഉപദ്രവം കാരണം അവള്‍ സ്വയം ചെയ്തതാണെന്നു പൊലീസ് ഞങ്ങളെ പറഞ്ഞ് ബോധിപ്പിക്കുകയാണുണ്ടായത്. പൊലീസിന്‌റെ വാക്കുകളാണ് അത്. അപ്പോഴും ഇപ്പോഴും ഞാന്‍ പറഞ്ഞിട്ടില്ല എന്‌റെ മക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന്. അവര്‍ക്ക് അതിനുള്ള ബുദ്ധിയില്ല, കഴിവില്ല, ഉയരവുമില്ല. അവരെ കൊന്നതാണ്. ഞാന്‍ ഉറപ്പിച്ച് പറയുന്നു. മൂത്ത മകളെ കൊലപ്പെടുത്തിയശേഷം രണ്ടു പേര്‍ ഇറങ്ങിപ്പോകുന്നതിന് ദൃക്സാക്ഷിയാണ് ചെറിയ കുട്ടി. അതുകൊണ്ടല്ലേ അവളെയും കൊന്നു കളഞ്ഞത്,” കുട്ടികളുടെ അമ്മ പറഞ്ഞു.

Read More: വാളയാര്‍ മൂത്ത പെണ്‍കുട്ടിയുടെ മരണം; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്

“ഞങ്ങള്‍ പൊലീസിനെ കണ്ണടച്ചു വിശ്വസിച്ചു. ഞങ്ങള്‍ക്കൊപ്പമാണെന്ന് പോലീസ് ഞങ്ങളെ വിശ്വസിപ്പിച്ചു. എഫ്‌ഐആര്‍ പോലും വായിച്ചുകേള്‍പ്പിച്ചില്ല. അവര്‍ ആവശ്യപ്പെട്ട പേപ്പറുകളിലൊക്കെ ഞങ്ങള്‍ ഒപ്പിട്ടു നല്‍കി. അവസാനം കോടതിയിലെത്തിയത് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളേ അല്ല. പൊലീസിനു തോന്നിയതാണ് അവര്‍ എഴുതിപ്പിടിപ്പിച്ചത്. ആര്‍ക്കു വേണ്ടിയാണ് അവരിത് ചെയ്തതെന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇനി കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ഈ ആവശ്യം അറിയിക്കും,” അവര്‍ പറഞ്ഞു.

2017 ജനുവരി 13 നാണ് പതിമൂന്നുകാരിയെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിനുശേഷം പെൺകുട്ടിയുടെ സഹോദരിയായ ഒൻപതുകാരിയെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാർച്ച് നാലിനായിരുന്നു ഇത്. ഇതോടെയാണ് സംഭവം വിവാദമായത്. മൂത്ത കുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഒറ്റമുറി വീട്ടിലായിരുന്നു ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമാണത്തൊഴിലാളികളാണ്. ഇവർ പണികഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മു​ൻപാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും ആരോപണം ഉയർന്നതോടെയാണ് പൊലീസിന്റെ വീഴ്‌ചയെക്കുറിച്ച് ചർച്ച ഉയർന്നത്.

മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് പിന്നീട് അതേനിലയിൽ കണ്ടെത്തിയ ഇളയ കുട്ടിയാണ്. അന്ന് സഹോദരിയെ മരിച്ചനിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുമ്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴിനൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala walayar sisters case mother alleges police twisted our statement