scorecardresearch

ഏഴുവർഷം 37 പോക്സോ കേസുകൾ, 17 ഇരകൾ; വാളയാറിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

വാളയാർ സ്റ്റേഷനിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 37 കേസുകളിലെ പതിനേഴ് ഇരകളിൽ രണ്ടുപേർ ആൺകുട്ടികളാണ്

ഏഴുവർഷം 37 പോക്സോ കേസുകൾ, 17 ഇരകൾ; വാളയാറിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ. 2012ൽ പോക്സോ നിയമം നിലവിൽവന്ന ശേഷം 37 കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37 കേസുകളിലായി 17 ഇരകളാണുള്ളതെന്നും ഓരോ കുട്ടിയും പല ആളുകളാൽ പലവട്ടം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും വാളയാർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുമായ ജി.ബി.ശ്യാംകുമാർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“2012ലാണ് പോക്സോ നിയമം നിലവിൽ വന്നത്. 2016 മുതലാണ് ഞങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ ക്ലാസുകൾ ആരംഭിച്ചത്. അതിനുശേഷമാണ് പല കുട്ടികളും തങ്ങൾ ഉപദ്രവിക്കപ്പെടുകയാണെന്നും അത് പൊലീസിൽ അറിയിക്കേണ്ടതുമാണെന്ന് തിരിച്ചറിയുന്നത്.”

“ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 2017ലാണ്. 2018ൽ ഒരു കേസ് പോലും വന്നിട്ടില്ല. ഈ വർഷം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാത്തിലും നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്,” എഎസ്ഐ ശ്യാംകുമാർ പറഞ്ഞു. വാളയാർ സ്റ്റേഷനിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 37 കേസുകളിലെ പതിനേഴ് ഇരകളിൽ രണ്ടുപേർ ആൺകുട്ടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More: Walayar Case: മൊഴി എന്റേതല്ല, പൊലീസ് എഴുതിപ്പിടിപ്പിച്ചത്; വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാറിൽ ഒമ്പതും പതിനൊന്നും വയസ് പ്രായമുള്ള സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. കൂടുതൽ കേസുകളിലും പ്രതികൾ ബന്ധുക്കളോ കുട്ടികളുടെ കുടുംബവുമായി അടുത്ത പരിചയമുള്ളവരോ ആണെന്നും ചുരുക്കം ചില കേസുകളിൽ ഇതരസംസ്ഥാന തൊഴിലാളികളും പ്രതികളായി വരാറുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേമയം, വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ അന്വേഷണം കൃത്യമായിരുന്നെന്നും സാക്ഷികൾ കൂറുമാറിയതും പ്രോസിക്യൂഷൻ ദുർബലമായതുമാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും  ശ്യാംകുമാർ പറഞ്ഞു.

“പൊലീസ് കഷ്ടപ്പെട്ട് ഓടിനടന്ന് തെളിവുകൾ കണ്ടെത്തും. പക്ഷെ കോടതിയിലെത്തുമ്പോൾ സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കും. അല്ലെങ്കിൽ പ്രോസിക്യൂഷനു വേണ്ടവിധത്തിൽ വാദിക്കാൻ സാധിക്കില്ല. ഈ കേസിലെ മാത്രമല്ല. മിക്ക കേസുകളിലെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇവിടെ പോക്സോ കേസുകളിൽ ഇരയായ മിക്ക കുട്ടികൾക്കും ഇപ്പോഴും വേണ് വിധം സംരക്ഷണം ലഭിക്കുന്നില്ല. പലരും അച്ഛന്റെയും അമ്മയുടെയും കൂടെ പോകും. പോകുന്നതു തെരുവിലേക്കാണ്. വീടൊന്നുമില്ല. അച്ഛനും അമ്മയും മദ്യവും മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് ബോധമില്ലാതെ കിടക്കും. കുട്ടികൾക്ക് എന്തു സംരക്ഷണമാണുള്ളത്. ഇവിടെ എനിക്കറിയാവുന്ന പല കേസുകളിലും  എന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ ചൈൽഡ് ലൈനിലേക്കും മറ്റും വിളിച്ച് പറഞ്ഞ് അവിടെ സംരക്ഷണം ഏർപ്പാട് ചെയ്യുകയാണ്,”  ശ്യാംകുമാർ പറഞ്ഞു.

“ശിശുക്ഷേമത്തിനുവേണ്ടി ഏറ്റവും നന്നായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു എൻ. രാജേഷ്. വെറുതെ ഓരോന്ന് പറഞ്ഞ് അയാളെ മാറ്റി. പോക്സോ കേസുകളിലെ പ്രതികൾക്കുവേണ്ടി വാദിച്ചുവെന്ന് പറഞ്ഞാൽ അതയാളുടെ ജോലിയല്ലേ. രാജേഷ് ഒരു വക്കീലാണ്. അയാൾ അയാളുടെ ജോലി ചെയ്യുന്നതിൽ തെറ്റുപറയാൻ പറ്റുമോ?,” ശ്യാംകുമാർ ചോദിിച്ചു.

കേസിൽ കോടതി വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിനു വേണ്ടി ആദ്യം ഹാജരായത് അഡ്വക്കേറ്റ് എൻ രാജേഷായിരുന്നു. കേസിന്‍റെ വിചാരണക്കിടെയായിരുന്നു ഇദ്ദേഹത്തെ  ശിശുക്ഷേമ സമിതി ചെയർമാനാക്കി നിയമിച്ചത്. ഇതു വിവാദമായതിനെത്തുടര്‍ന്നാണു ശിശുക്ഷേമ മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് രാജേഷിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയത്.

അതേസമയംഷ വാളയാറിൽ പോക്സോ കേസുകളുടെ എണ്ണം കൂടുന്നതിന്റെ കാരണം പ്രദേശത്തെ സാമൂഹിക ഘടനയാണെന്ന് സാമൂഹ്യപ്രവർത്തക അഡ്വ. ആശ ഉണ്ണിത്താൻ അഭിപ്രായപ്പെടുന്നു.

“നഗരപ്രദേശത്തു ജീവിക്കുന്നവരുടെ സാഹചര്യമല്ല വാളയാർ, അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക്. പുറത്തെ സ്കൂളുകളിൽ ഗുഡ് ടച്ച്, ബാഡ് ടച്ച് ഒക്കെ പഠിപ്പിക്കുമ്പോൾ ഉൾപ്രദേശങ്ങളിൽ പലപ്പോഴും താൻ ചൂഷണം ചെയ്യപ്പെടുകയാണെന്നു പോലും കുട്ടികൾക്കു മനസിലാകുന്നില്ല. ഇവിടുത്തെ മിക്ക കേസുകളും പരിശോധിച്ചാൽ മനസിലാകും അക്രമികൾ വളരെ സൂത്രശാലികളാണ്. ശരീരത്തിന്റെ ഏതു ഭാഗത്താണു വയലൻസ് നടന്നിരിക്കുന്നതെന്നു നോക്കൂ. അനൽ പെനിട്രേഷനാണു നടക്കുന്നത്. പെൺകുട്ടി ഗർഭിണിയാകരുതെന്നും പിടിക്കപ്പെടരുതെന്നും അവർക്ക് നിർബന്ധമുണ്ട്. ഇനി അഥവാ ഗർഭിണിയാകുന്ന കേസുകളാണെങ്കിൽ തമിഴ് നാട് പോലുള്ള എവിടേക്കെങ്കിലും കുട്ടികളെ കല്യാണം കഴിച്ചയയ്ക്കുന്നു. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവും മനശാസ്ത്രപരവുമായ ഘടകങ്ങളാണ് ഇത്തരം പ്രദേശങ്ങളിൽ കുട്ടികൾക്കു നേരെ അധിക്രമങ്ങൾ വർധിക്കാൻ കാരണം,” ആശ ഉണ്ണിത്താൻ പറഞ്ഞു.

വാളയാറിന്റെയും അട്ടപ്പള്ളത്തിന്റെയും ഉൾപ്രദേശങ്ങളിൽ ഇപ്പോഴുമുണ്ട് ഒറ്റമുറി വീടുകൾ. അവിടെ അന്നന്നത്തെ നിലനിൽപ്പിനു കൂലിപ്പണിക്കു പോകുന്ന അച്ഛനമ്മമാരുണ്ട്. അവർക്കു പെൺമക്കളുമുണ്ട്.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala walayar sisters case 37 pocso cases 17 victims in seven years in walayar police station limits

Best of Express