scorecardresearch
Latest News

കാലം സാക്ഷി, കരയാത്ത ഗൗരി, ചരിത്രം സാക്ഷി, തളരാത്ത ഗൗരി

കേരളത്തെ ലോകത്തിന് മുന്നിൽ തല ഉയർത്തി നിർത്തിച്ച ഊർജ്ജ പ്രവാഹം നിലച്ചു.

കാലം സാക്ഷി, കരയാത്ത ഗൗരി, ചരിത്രം സാക്ഷി, തളരാത്ത ഗൗരി

തിരുവനന്തപുരം: കാലത്തിനും ചരിത്രത്തിനും എടുത്തു പറയാനുള്ള ഈടുള്ള ആധുനിക കേരളത്തിന്റെ ശിൽപ്പികളിലൊരാളായ കെ ആർ ഗൗരിയമ്മ വിടവാങ്ങി. ആധുനിക കേരളത്തെ വാർത്തെടുത്ത നിരവധി നിയമനിമാണങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു ഗൗരിയമ്മ. വിവിധ വകുപ്പുകൾ ഭരിച്ച ഗൗരിയമ്മ കേരളത്തെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണ്. നിരവധി തവണ എം എൽ എയും മന്ത്രിയുമായിരുന്ന ഗൗരി കേരള രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലെ പകരംവെക്കാനില്ലത്ത വ്യക്തിത്വമാണ്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളിൽ അദ്വൈതീയമായ കഴിവ് തെളിയിച്ച് കേരളത്തിന്റെ ഇതിഹാസമാണ് ഗൗരിയമ്മ.

വാർധക്യസഹജമായ അവശതകൾ കാരണം ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ഇന്നു രാവിലെയായിരുന്നു ആയിരുന്നു നിര്യാണം. 102 വയസായിരുന്നു.

ചേര്‍ത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് ജനിച്ച ഗൗരിയമ്മയുടെ ജീവിതം ആധുനിക കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തിന്റെയും വിമോചന പോരാട്ടങ്ങളുടെയും ചരിത്രം കൂടെയാണ്.

കേരളം കണ്ട രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തയായിരുന്നു ഗൗരിയമ്മ, കേരളത്തിലെ ആദ്യ മന്ത്രിസഭ മുതൽ 46 വര്‍ഷം എം.എല്‍എയും ആറ് മന്ത്രിസഭകളിലായി 16 വര്‍ഷം മന്ത്രിയുമായിരുന്നു. റവന്യു, എക്സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോര്‍ഡ്.

കേരളത്തെ ഇന്നത്തെ നിലയിൽ വളർത്തെയെടുക്കുന്നതിന് വഴിയൊരുക്കിയ ഒട്ടേറെ നിയമങ്ങൾ കൊണ്ടു വന്നത് ഗൗരിയമ്മയാണ്. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ മന്ത്രിയായിരുന്ന സമയം മുതല്‍ ഗൗരിയമ്മ കൊണ്ടുവന്ന ബില്ലുകളൊക്കെ കേരള ചരിത്രത്തിലെ രജത രേഖകളാണ്. പാട്ടക്കുടിയാൻ നിയമം ജന്മിക്കരം ഒഴിവാക്കൽ നിയമം 1987ൽ കൊണ്ടുവന്ന അഴിമതി നിരോധന നിയമം, 1991ൽ കൊണ്ടുവന്ന വനിത കമ്മീഷൻ നിയമം എന്നിവ വരെ എത്തി നിൽക്കുന്ന ഗരിയമ്മയുടെ കൈയൊപ്പ് പതിഞ്ഞ നിയമങ്ങൾ. കേരളത്തിലെ ജനാധിപത്യ അവകാശങ്ങളുടെയും തുല്യതയുടെയും ഒക്കെ അടയാളപ്പെടുത്തലുകൾ ആയിരുന്നു ഗൗരിയമ്മയുടെ നിയമങ്ങൾ. അടിച്ചമർത്തപ്പെട്ടവരുടെ ആശ്വാസമായിരന്നു ഗൗരിയമ്മ കൊണ്ടുവന്ന നിയമങ്ങൾ.

k r gouri amma, gouri amma , iemalayalam

കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി സാധാരണ ജനങ്ങൾക്ക് അനുകൂലമായ ഒട്ടേറെ നിയമങ്ങൾ കൊണ്ടുവന്നു.
വിമോചന സമരത്തെത്തുടര്‍ന്ന് കേന്ദ്ര ഭരിച്ചരുന്ന ജവഹർലാൽ നെഹ്റു സർക്കാർ ശുപാർശയെ തുടർന്ന് കേരളത്തിലെ ആദ്യ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുന്നതിനു തലേന്നാണ് ഗൗരിയമ്മയുടെ ഇടപെടല്‍കാരണം കാര്‍ഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്. ഇ എം എസ് മുഖ്യമന്ത്രിയായ ആ മന്ത്രിസഭയെ അടുത്ത ദിവസം പിരിച്ചുവിടുകയും ചെയ്തു. 1967-69 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് ഗൗരിയമ്മ അവതരിപ്പിച്ച കേരള ഭൂപരിഷ്‌കരണ ഭേദഗതി ബിൽ പാസാക്കിയത് പിന്നീട് കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ അച്യുതമേനോന്‍ മന്ത്രിസഭയാണ്.

തിരു കൊച്ചി നിയമസഭയിലും കേരള നിയമസഭയിലുമായി നടന്ന 17 തിരഞ്ഞെടുപ്പുകളിൽ ഗൗരിയമ്മ മത്സരിച്ചു 13 തവണ ജയിച്ചു നാല് തവണ തോറ്റു. 1948ലായിരുന്നു ഗൗരിയമ്മയുടെ ആദ്യ മത്സരം. 2011 ലായിരുന്നു അവസാന മത്സരം. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ഉൾപ്പടെ നാല് മത്സരങ്ങളിൽ തോൽവിയാണ് ഗൗരിയമ്മയ്ക്ക് നേരിടേണ്ടി വന്നു. തിരുകൊച്ചി നിയമസഭയിലേക്ക് 1948 ൽ നടന് മത്സരത്തിൽ തോറ്റുവെങ്കിലും 1952- 53 ലും 1954-56 തിരു കൊച്ചി സഭകളിൽ ഗൗരിയമ്മ ജയിച്ചു കയറി. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാത്തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണ് പരാജയം നേരിട്ടത്.

തുറവൂര്‍ തിരുമല ദേവസ്വം, ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റും, സെന്റ് തെരേസാസ് കോളേജില്‍ നിന്നും ബിരുദപഠനവും പൂര്‍ത്തിയാക്കി. തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമബിരുദം നേടി. ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ അഭിഭാഷകയായി ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

തിരുവിതാം കൂർ രാജ ഭരണത്തിനെതിരായും ദിവാനായിരുന്ന സർ സിപി രാമസ്വാമി അയ്യർക്കെതിരായും ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കുകളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധവും പുന്നപ്രവയലാര്‍ സമരവും വെടിവെപ്പും ആളുകൾ കൊല്ലപ്പെട്ടതും ഗൗരിയമ്മ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് കാരണമായി.

1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയതാണ് ഗൗരിയമ്മ.സഹോദരൻ സുകുമാരന്റെ പാത പിന്തുടർന്നാണ് ഗൗരിയമ്മ സി പി ഐയുടെ പ്രവർത്തകയായകുന്നത്. 1947 ൽ പി. കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ഗൗരിയമ്മ 1948ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 1952ലും 54ലും തിരുകൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. . ഐക്യകേരള രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യത്തെ റവന്യൂ മന്ത്രിയായി. മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭർത്താവായ ടി വി തോമസ് സി പി ഐ ക്ക് ഒപ്പം നിലയുറപ്പിച്ചപ്പോൾ രാഷ്ട്രീയത്തിലും തന്റെ നിലപാട് ഉറപ്പിച്ച് സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. പിന്നീട് ഇരുവരും വിവാഹമോചിതരായി.

Gouri, KR Gouri, KR Gouri Amma, Gouri Amma, Gouriamma, Gauri Amma leader, first woman minister of kerala, Gouri Amma Party, JSS, Veteran Communist Leader, Gouri Amma Age, ഗൗരി, ഗൗരിയമ്മ, ഗൗരി അമ്മ, കെ ആർ ഗൗരിയമ്മ

ഗൗരിയമ്മ രണ്ട് ഇ എം എസ് സർക്കാരിലും രണ്ട് നായനാർ സർക്കാരിലും മന്ത്രിയായി. 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നും പുറത്താക്കി. പിന്നീട് ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിലായിരുന്ന 2016-ല്‍ യുഡിഎഫുമായും അകന്നു. എൽ ഡി എഫിനൊപ്പമായിരുന്നു. 1957, 67, 80, 87 കാലത്തെ ഇടതുപക്ഷമന്ത്രിസഭകളിലും 1991 2001-2006 കാലത്ത് 2001 മുതൽ എ.കെ. ആന്റണിയുടെ മന്ത്രി സഭയിലും പിന്നീട് 2004ൽ ആന്റണി ഒഴിഞ്ഞശേഷം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു.

ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം വിജയത്തിനു ശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ. നായനാരെ തിരഞ്ഞെടുത്തു. കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യത്തെ പാർട്ടി പറണത്ത് വച്ചു. ആ നായനാർ മന്ത്രി സഭയിൽ വ്യവസായം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയാക്കി. ഈ കാലത്താണ് കേരളത്തിലെ ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ആധുനിക വിവരസാങ്കേതിക വിദ്യയുടെ തറക്കല്ല് പാകിയത്. ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത് ഗൗരിയമ്മയുടെ കാലത്താണ്. ടെക്നോപാർക്ക് മാത്രമല്ല, വ്യവസായ രംഗത്ത് ഉണർവേകുന്ന ഒട്ടേറെ സംരഭങ്ങൾക്ക് അക്കാലത്ത് വാതിൽ തുറന്നത് ഗൗരിയമ്മയായിരുന്നു.

മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതി കിട്ടിയതിനെ തുടര്‍ന്നു ചേര്‍ത്തലയില്‍ വിവിധ പാര്‍ട്ടിക്കാര്‍ ചേർന്ന് സംഘടിപ്പിച്ച സ്വീകരണയോഗങ്ങളില്‍ ഗൗരിയമ്മ പങ്കെടുത്തത് അച്ചടക്കലംഘനമായി സി പി എം കണ്ടു. യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായതും സി പി എമ്മിനെ ചൊടിപ്പിച്ചു. സ്ഥാനം ഒഴിയണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. എന്നിട്ടും ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഒരുക്കിയ ‘കുറ്റപത്രം’ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ 1994 ജനുവരി ഒന്നിന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. സി പി എം രൂപീകരിച്ചപ്പോൾ മുതൽ 30 വർഷം ആ പാർട്ടിയുടെ മുഖങ്ങളിലൊന്നായിരന്ന ഗൗരിയമ്മ അന്ന് മുതൽ അസ്പൃശ്യയായി. അന്ന് രൂപംനല്‍കിയ ജനാധിപത്യ സംരക്ഷണ സമിതിയാണു പില്‍ക്കാലത്തു ജെഎസ്എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയായത്. ഒടുവില്‍ മൂന്ന് വർഷം മുമ്പ് 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇടതുപക്ഷത്തോട് ചേർന്ന് നടന്ന് ഗൗരിയമ്മ വീണ്ടും എ.കെ.ജി സെന്ററിലെത്തി.

യു ഡി എഫിനൊപ്പം നിൽക്കുമ്പോഴും എൽ ഡി എഫിനൊപ്പം നിൽക്കുമ്പോഴും താൻ ഉയർത്തിപ്പിടിച്ച ആദർശങ്ങളിൽ വിട്ടുവീഴ്ച വരുത്താനോ ജനാധിപത്യമൂല്യങ്ങളിലും നൈതികതയിലും വെള്ളം ചേർക്കാനോ ഗൗരിയമ്മ തയ്യാറായില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് 1975ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കൽ നിയമം അട്ടിമറിക്കാൻ നടത്തിയ ശ്രമത്തിനെതിരായി ഗൗരിയമ്മ സ്വീകരിച്ച നിലപാട്.

Read More:

k.r. gouri amma, cpm, jss, cpi

ഡോക്ടർ നല്ലതമ്പി തേരാ കൊടുത്ത കേസിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കൽ ആവശ്യപ്പെട്ട ഹൈക്കോടതി വിധി മറികടക്കാൻ എൽ ഡി എഫും യു ഡി എഫും കൂടി ഏകകണ്ഠമായി കൊണ്ട് വന്ന കേരള പട്ടികവർഗ്ഗ (ഭൂമി കൈമാറ്റനിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും )ഭേദഗതിനിയമം 1999(Kerala Scheduled Tribes (Restriction on Transfer of Landand Restoration of Alienated Lands) Amendment Bill, 1999 act)ത്തിന്റെ കാര്യത്തിലായിരുന്നു ആ നടപടി

1975ലെ നിയമം അട്ടിമറിച്ചു കൊണ്ടുവന്ന 1996ലെ നിയമം, കോൺഗ്രസ്, കേരളകോൺഗ്രസ് എന്നിവയ്‌ക്കൊപ്പം പാസാക്കിയതിൽ മുഖ്യധാര ഇടതിനും പങ്കുണ്ടായിരുന്നു.1988 ഡോ നല്ലതമ്പി തേരാ കൊടുത്ത കേസിൽ ആദിവാസികൾക്ക് അനുകൂലമായി വിധി വന്നത് അട്ടിമറിക്കാൻ ആണ് ഈ നിയമം കൊണ്ടുവന്നത്.
1975ലെ നിയമം 1982 മുതൽ ആദിവാസി ഭുമി കൈമാറ്റം നിരോധിച്ചു. ഇതു കുടാതെ 1960 -1982 കാലത്തെ ഭുമി കൈമാറ്റം ഈ നിയമം അസാധുവാക്കി.ഡോ നല്ലതമ്പി തേര കൊടുത്ത കേസിൽ ആറ് മാസത്തിന്നകം ആദിവാസികൾക്ക് അന്യധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കാൻ കോടതി വിധിച്ചു. ഇതു നടപ്പാക്കാൻ സർക്കാർ നടപടി എടുത്തില്ല. 1996 തിരഞ്ഞെടുപ്പിന് മുൻപ് യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർ അനുവദിച്ചില്ല. തുടർന്നു തിരഞ്ഞെടുപ്പിൽ ജയിച്ചു അധികാരത്തിൽ വന്ന എൽ ഡി എഫ് വീണ്ടും പുതിയൊരു നിയമം കൊണ്ടുവന്നു. എല്ലാ പാർട്ടിക്കാരും ബില്ലിനെ അനുകൂലിച്ചപ്പോൾ നിയമസഭയിൽ ഗൗരിയമ്മ മാത്രം ബില്ലിനെ എതിർത്തു.

കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ളപുരസ്കാരം 2011ൽ കെ ആർ ഗൗരിയമ്മ എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് ലഭിച്ചു. കേരളത്തിലെ ഒരു കാലഘട്ടം കൂടെ അടയാളപ്പെടുത്തുന്നതാണ് ആ ആത്മകഥ.

1921ൽ തന്നെ തിരുവിതാംകൂർ പ്രജാസഭയിൽ എത്തിയ മേരി പുന്നൻ ലൂക്കോസ്. തോട്ടക്കാട് മാധവിയമ്മയുടേയും ഗൗരി പവിത്രന്റേയും പാർവതി നെന്മേനിമംഗലത്തിന്റേയും ശബ്ദം ആൺകോയ്മെ കുലുക്കിയ നാളുകൾ. ദാക്ഷായിണി വേലായുധനും ത്രേസ്യാമ്മ ആനി മസ്ക്രീനും ഗൗരി ശങ്കുണ്ണിയും ഗൗരി പവിത്രനുമെല്ലാം ഇന്ത്യൻ സാമൂഹിക, രാഷ്ട്രീയ സ്വപ്നങ്ങളിൽ തീ പടർത്തിയകാലം ഈ നാൾ വഴികളെ പിന്തുടർന്നാണ് കെ ആർ ഗൗരിയമ്മ ഇതിഹാസതുല്യയായി വളർന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ഭൂമികയിൽ വേറിട്ടൊരു വഴി വെട്ടിത്തെളിച്ചാണ് ഗൗരിയമ്മ കേരളത്തെ അടയാളപ്പെടുത്തയതും സ്വയം അടയാളപ്പെട്ടതും. കേരളമുള്ള കാലത്തോളം കെ ആർ ഗൗരിയമ്മയും അതിനോട് ചേർത്തു വെക്കപ്പെടും.

“ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായിമാറും”

‘ഗൗരി’- ബാലചന്ദ്രൻ ചുള്ളിക്കാട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala veteran communist leader k r gouri amma passes away