തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എക്സാം സർവറിലേക്ക് ഹാക്കർമാർ നുഴ‍ഞ്ഞുകയറി. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓൺലൈൻ ചോദ്യപേപ്പർ വിതരണ നടപടികൾ നിർത്തിവച്ചു. മറ്റു പരീക്ഷാ നടപടികൾക്ക് പ്രശ്നമുണ്ടാകില്ല.

കഴിഞ്ഞ ശനിയാഴ്ചയാണു പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായി എത്തിക്കൽ ഹാക്കർമാർ സൈറ്റ് ഹാക്ക് ചെയ്തത്. നിരവധി തവണ കേരള യൂണിവേഴ്സിറ്റി വെബ്സൈറ്റിനു നേർക്ക് പാക് ഹാക്കർമാരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണു സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിക്കൽ ഹാക്കർമാർ സൈറ്റിൽ നുഴ‍ഞ്ഞു കയറിയത്. സുരക്ഷാവീഴ്ചകൾ ബോധ്യമായതിനെത്തുടർന്നു കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗത്തെ അറിയിച്ചു. പരിശോധനയിൽ വീഴ്ചകൾ ബോധ്യമായതിനെത്തുടർന്നു അവർ കേരളാ യൂണിവേഴ്സിറ്റിയെ വിവരമറിയിച്ചതിനെ തുടർന്നാണ് ഓൺലൈൻ ചോദ്യപേപ്പർ വിതരണ നടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

കേരള യൂണിവേഴ്സിറ്റിക്ക് ക്വസ്റ്റ്യൻ, എക്സാം, മെയിൻ, അഡ്മിനിസ്ട്രേഷൻ എന്നീ നാല് സർവറുകളാണുള്ളത്. ഇതിൽ എക്സാം സർവറിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നത് ഈ സർവറിലല്ലെങ്കിലും അതിലേക്ക് കടക്കാൻ കഴിയുന്ന തരത്തിലുള്ള വീഴ്ചയാണ് കണ്ടെത്തിയത്. ശരിയായ അപ്ഡേഷൻ നടക്കാത്തതാണ് സുരക്ഷാവീഴ്ചയിലേക്ക് നയിച്ചതെന്നു ആക്ഷേപമുണ്ട്.

യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ രണ്ടാഴ്ച മുമ്പു വരെ ഉണ്ടായിരുന്ന ഗുരുതര സുരക്ഷാ പിഴവ് റിഷി മോഹന്‍ദാസ് എന്ന ഇരുപത്തേഴുകാരനാണ് കണ്ടെത്തിയതെന്നും റിപ്പോട്ടുകളുണ്ട്. ഇക്കാര്യം വ്യക്തമാക്കി വീഡിയോ ഉള്‍പ്പെടെ റിഷി ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കണ്ടെത്തിയ ബഗ് പൂര്‍ണമായും ഫിക്സ് ചെയ്തു എന്നുറപ്പുവരുത്തി ശേഷമാണ് റിഷി ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

കേരള യൂണിവേഴ്സിറ്റിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പേജ് കഴിഞ്ഞമാസം പാകിസ്ഥാൻ ഹാക്കർമാർ തകർത്തിരുന്നു. ഇതിനുശേഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ യൂണിവേഴ്സിറ്റി തയാറായിട്ടില്ല എന്നാണു ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.