scorecardresearch
Latest News

‘സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യം ന്യായീകരിക്കാനാവില്ല’; മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ നിയന്ത്രണത്തില്‍ ആരോഗ്യ സര്‍വകലാശാല

മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിലെ സമയക്രമം സംബന്ധിച്ച പുതിയ ഉത്തരവ് പ്രഥമദൃഷ്ട്യാ സ്വാഗതാര്‍ഹമാണെന്നും ഉടന്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

‘സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യം ന്യായീകരിക്കാനാവില്ല’; മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ നിയന്ത്രണത്തില്‍ ആരോഗ്യ സര്‍വകലാശാല

കൊച്ചി: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍ രാത്രി 9.30നു ശേഷം ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള വിജ്ഞാപനത്തെ ന്യായീകരിക്കാന്‍ വിചിത്ര വാദങ്ങളുമായി ആരോഗ്യ സര്‍വകലാശാല. 18 വയസാകുമ്പോള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം തേടുകയെന്നതു സമൂഹത്തിനു യോജിച്ചതും നല്ലതുമായിരിക്കില്ലെന്നും ഇരുപത്തി അഞ്ചാം വയസിലാണു പക്വത പൂര്‍ണമായി കൈവരികയെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ സമപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അതേസമയം, മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ സമയക്രമം സംബന്ധിച്ച് ഈ മാസം ആറിനു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ട്യാ സ്വാഗതാര്‍ഹമാണെന്നും ഉടന്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 9.30നു ശഷം ഹോസ്റ്റല്‍ ഗേറ്റ് പൂട്ടിയാല്‍ നിബന്ധനകളോടെ അകത്ത് പ്രവേശിക്കാന്‍ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 9.30നു തന്നെ ഹോസ്റ്റലില്‍ കയറണമെന്നും കോടതി നിർദേശിച്ചു.

രാത്രി 9.30നു ശേഷം ലേഡീസ് ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങുന്നതു തടഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിയോന ജോസഫ് ഉൾപ്പെടെയുളള വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോഗ്യ സര്‍വകലാശാല ഈ നിലപാടെടുത്തത്. ര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളുകയും സര്‍വകലാശാല ഉള്‍പ്പെടെയു ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടുകയുമായിരുന്നു.

ശരിയായ ശാസ്ത്രീയ പഠനമില്ലാതെ, നിയന്ത്രണങ്ങളില്ലാതെ ഹോസ്റ്റലുകളുടെ ഗേറ്റ് തുറന്നിടുന്നതു സമൂഹത്തിനു ദോഷകരമാകുമെന്നു സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

”റോഡപകടങ്ങളുടെയും മരണങ്ങളുടെയും ശതമാനം, മയക്കുമരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗം, ആത്മഹത്യ, കൊലപാതകം തുടങ്ങിയവയുടെ നിരക്ക് തുടങ്ങിയ കൗമാരക്കാരില്‍ വളരെ വലുതാണെന്നാണ് അവരുടെ പെരുമാറ്റത്തെക്കുറിച്ച് നടത്തിയ വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കൗമാരപ്രായം കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര അപകടകരമാണെന്നും ഹര്‍ജിക്കാര്‍ക്ക് അവരുടെ വീടുകളില്‍ പോലും ലഭിക്കാത്ത സമ്പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതു ന്യായീകരിക്കാവുന്നതല്ല,” സത്യവാങ്മൂലത്തില്‍ പറയുന്നു.

”ന്യൂറോ ബിഹേവിയറല്‍, ന്യൂറോ-മോര്‍ഫോളജിക്കല്‍, ന്യൂറോകെമിക്കല്‍, ന്യൂറോ ഫിസിയോളജിക്കല്‍, ന്യൂറോ ഫാര്‍മക്കോളജിക്കല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നതു കൗമാരത്തില്‍ മസ്തിഷ്‌കം പൂര്‍ണവികാസം പ്രാപിക്കുന്ന അവസ്ഥയില്‍ തുടരുന്നുവെന്നാണ്. ചുറ്റുപാടുകളുടെ സമ്മര്‍ദങ്ങള്‍, അപകടകരമായ പെരുമാറ്റം, മയക്കുമരുന്ന് ആസക്തി, സുരക്ഷിതമല്ലാത്ത ലൈംഗികത എന്നിവയ്ക്ക് കൗമാരപ്രായക്കാരുടെ മസ്തിഷ്‌കം ഘടനാപരമായും പ്രവര്‍ത്തനപരമായും ദുര്‍ബലമാണെന്ന അനുമാനത്തെ തെളിവുകള്‍ പിന്തുണയ്ക്കുന്നു.”

”സങ്കീര്‍ണമായ പെരുമാറ്റ പ്രകടനത്തിനു തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിന്റെ വികസനം വളരെ പ്രധാനമാണ്. പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിന്റെ വികാസവും പക്വതയും ഇരുപത്തി അഞ്ചാം വയസിലാണു പൂര്‍ണമാകുന്നത്,” സത്യവാങ്മൂലത്തില്‍ പറയുന്നു.

”അടിസ്ഥാനപരമായി, ഒരു ഹോസ്റ്റല്‍ ഒരു ഹോട്ടലില്‍നിന്നോ സമാനമായ മറ്റു താമസ സൗകര്യങ്ങളില്‍നിന്നോ വ്യത്യസ്തമാണ്. ഹോസ്റ്റലില്‍ നടക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെയാണ് അച്ചടക്കം ഉറപ്പാക്കുന്നത്. അച്ചടക്കം ഉറപ്പാക്കാന്‍ അത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണ്. അവ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ്,”സത്യവാങ്മൂലത്തില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനാണു ഹോസ്റ്റലില്‍ നില്‍ക്കുന്നത്. നൈറ്റ് ലൈഫ് ആസ്വദിക്കേണ്ടതില്ല. രാത്രി ഒന്‍പതനു കോളജുകളിലെ ലൈബ്രറികള്‍ അടയ്ക്കും. അതിനാല്‍ 9.30നു ഹോസ്റ്റലില്‍ പ്രവേശിക്കണമെന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി.

എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താണു ഹോസ്റ്റല്‍ സമയക്രമം നിശ്ചയിച്ചതെന്നും എന്തെങ്കിലും യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതി നേടാമെന്നും സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. അഫിലിയേറ്റഡ് കോളജുകളിലും ഹോസ്റ്റലുകളിലും അച്ചടക്കം ഉറപ്പാക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോളജ് ഹോസ്റ്റലിലെ സമയനിയന്ത്രണവുമായി ബന്ധപ്പെട്ടാണു ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 11.30 വരെ കോളജ് ലൈബ്രറി പ്രവര്‍ത്തിക്കുമെന്നിരിക്കെ പത്തിനു മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പോവണമെന്നു നിര്‍ബന്ധിക്കുന്നതായാണു വിദ്യാര്‍ഥിനികളുടെ പരാതി. വിഷയത്തില്‍ വിദ്യാര്‍ഥിനികള്‍ കോളജില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ക്യാംപസ് റീഡിങ് റൂം രാത്രി 11 മണി വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് 22നു പരിഗണിക്കും. അതേസമയം, ഉത്തരവില്‍ ലിംഗവിവേചനമില്ലെന്ന് വനിതാ കമ്മിഷന്‍ കോടതിയെ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala university to hc on kozhikode medical college hostel curfew