scorecardresearch

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം ആരംഭിക്കും

ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയല്‍ നമ്പര്‍ നൽകും; ഒരു പദ്ധതിയിലും ഉൾപ്പെടാത്തവരുടെ വിവരം ചേർക്കാനും സംവിധാനം

government office, sarkar office, office, kerala, inside, officers, prd
പ്രതീകാത്മക ചിത്രം. Photo: PRD

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതിന് ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം നല്‍കിയിട്ടുണ്ട്.

“നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഇവയുടെ നിര്‍വഹണത്തിനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പുകള്‍ക്കും വെവ്വേറെ നടപടി ക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കല്‍, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങള്‍, ആവര്‍ത്തനം, പല സ്രോതസ്സുകളില്‍ നിന്ന് എടുക്കുന്നതുമൂലം വിവര ശേഖരത്തിന് ഏകീകൃത രൂപം ഇല്ലായ്മ, കൃത്യമായ തീരുമാനം എടുക്കുന്നതിന് സഹായകമായ ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പലപ്രശ്നങ്ങളും നിലവിലുണ്ട്. ഇതിന് പരിഹാരം കാണാന്‍ കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി,” വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കും

“അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തില്‍ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.”

“സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവിരങ്ങള്‍ ഒറ്റ സ്രോതസ്സില്‍ നിന്ന് ലഭിക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാനാകും. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയാനും സഹായകമായ ഒറ്റ സ്രോതസ്സായി ഈ രജിസ്ട്രി പ്രയോജനപ്പെടുത്താം,” വാർത്താക്കുറിപ്പിൽ പറയുന്നു.

ഒരു സര്‍ക്കാര്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. “ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. അതാത് വകുപ്പുകള്‍ ആവശ്യപ്പെടുന്ന നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങള്‍ മാത്രമാണ് രജിസ്ട്രിയില്‍ നല്‍കുക,” എന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala unified registry for multiple services