കൊച്ചി: സംസ്ഥാനത്ത് യൂബർ ഓൺലൈൻ ടാക്‌സി കമ്പനിക്കെതിരെ ഡ്രൈവർമാർ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് നീളുന്നു. നിരവധി ആവശ്യങ്ങളുന്നയിച്ച് വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് അനിശ്ചിതകാല സമരം നടത്തുന്നത്.

ഓൺലൈൻ ടാക്‌സി കമ്പനികളെ സർക്കാർ നിയന്ത്രണത്തിലാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതിന് പുറമെ കമ്പനിയുടെ കമ്മിഷൻ പത്ത് ശതമാനമായി നിജപ്പെടുത്തുക, മിനിമം ചാർജ് മൂന്ന് കിലോമീറ്ററിന് 150 രൂപയാക്കുക, പിന്നീടുളള ഓരോ കിലോമീറ്ററിനും 15 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡ്രൈവർമാർ മുന്നോട്ട് വച്ചിട്ടുളളത്.

എന്നാൽ സമരം ചെയ്യുന്ന ഡ്രൈവർമാരെയോ, സംഘടന പ്രതിനിധികളെയോ ഇതുവരെ കമ്പനിയോ സംസ്ഥാന സർക്കാരോ ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടില്ല. ഇക്കാരണത്താൽ തന്നെ സമരം നാളെയും തുടരുമെന്നാണ് വിവരം.

മൂന്ന് വർഷത്തിനിടെ ഇന്ധനവില 13 രൂപ വർദ്ധിച്ചുവെന്നും, ഇൻഷുറൻസ് അടക്കമുളളവയുടെ തുകയും സർക്കാർ വർദ്ധിപ്പിച്ചുവെന്നും യൂബർ ഡ്രൈവേഴ്സ് യൂണിയൻ കുറ്റപ്പെടുത്തി. 26 ശതമാനം കമ്മിഷനാണ് നിലവിൽ യൂബർ കമ്പനി ഈടാക്കുന്നതെന്ന് പറഞ്ഞ ഡ്രൈവർമാർ തൊഴിലാളി ചൂഷണത്തിനെതിരായാണ് സമരമെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.