കൊച്ചി: യൂബർ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സംഘടനകൾ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധിയായി എറണാകുളം സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സമരം നീണ്ടുപോകുന്ന സാഹചര്യത്തിൽ കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് തങ്ങളെന്ന് യൂബർ അധികൃതർ സർക്കാരിനെ അറിയിച്ചിരുന്നു.
സിപിഎം അനുകൂല സംഘടന ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ, സിപിഐ അനുകൂല സംഘടന എസ്ഇഡിയു, ടിയുസിഐ യിൽ അംഗീകരിച്ച കെഎസ്എംടിയു എന്നിവയായിരുന്നു കഴിഞ്ഞ നാല് ദിവസമായി സമരം നടത്തിവന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ രമ്യമായി ചർച്ച ചെയ്‌ത് പരിഹരിക്കാമെന്ന് യൂബർ സർക്കാരിന് ഉറപ്പുനൽകി. ഇതേ തുടർന്ന് ഈ മാസം 29 ന് തൊഴിലാളി സംഘടനകളെയും ഡ്രൈവർമാരെയും യൂബർ അധികൃതരെയും പങ്കെടുപ്പിച്ച് എസിപി കെ.ലാൽജിയുടെ അദ്ധ്യക്ഷതയിൽ ചർച്ച നടക്കും.
അതേസമയം തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി വീണ്ടും മുന്നോട്ട് വരുമെന്നാണ് തൊഴിലാളി സംഘടനകൾ എസിപിയെ അറിയിച്ചിരിക്കുന്നത്.