scorecardresearch

കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണമെന്നും ഇതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണമെന്നും ഇതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan, Kerala News

പിണറായി വിജയന്‍. ഫൊട്ടോ: പിആര്‍ഡി

തിരുവനന്തപുരം: കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരന്‍മാര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതു മാത്രമല്ല ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

നാടിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതു കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണം.

ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇ-ഗവേണന്‍സ് ചെയ്യുന്നത്. ഇത് നവകേരള സൃഷ്ടിക്ക് സുശക്തമായ അടിത്തറ പാകുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

"കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി കേരളം ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി അടുത്ത മാസം നാടിനു സമര്‍പ്പിക്കപ്പെടുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഇന്‍റര്‍നെറ്റ് സാന്ദ്രതയില്‍ വര്‍ധനവുണ്ടാകും. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും," അദ്ദേഹം പറഞ്ഞു.

Advertisment

ഇ-ഗവേണിംഗ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

ഇതിനുപുറമേ 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി ഒരുങ്ങുകയാണ്. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു പ്രാപ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ഇ-സേവനം പോര്‍ട്ടല്‍ എന്ന പേരില്‍ ഏകജാലക സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. തൊള്ളായിരത്തോളം സേവനങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന ലഭ്യമാണ്. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. താലൂക്ക് തലത്തിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: