തിരുവനന്തപുരം: ബെല്ലും ബ്രേക്കുമില്ലാത്ത വാക്കും പ്രവൃത്തിയും കൊണ്ട് കട്ടപ്പുറത്താകുന്ന  ഇടതുപക്ഷ മന്ത്രിമാരിൽ ഭൂരിപക്ഷവും ഗതാഗതമന്ത്രിമാർ.  മൂന്ന് പേരാണ് ഗതാഗതമന്ത്രിമായിരായിരിക്കുമ്പോൾ അധികാരത്തിൽ നിന്നും പുറത്താകുന്നത്.  മൂന്നുപേരും ഇടതുപക്ഷ സർക്കാരുകളെ കാലത്തുമാണ്.  ഇതിൽ  രണ്ട് ഗതാഗത മന്ത്രിമാർ പിണറായി സർക്കാരിൽ നിന്നും രാജിവച്ചത് എട്ട് മാസത്തിനിടയിൽ.  മറ്റൊരാൾ മന്ത്രിസ്ഥാനം കഴിഞ്ഞ് എം എൽ എ ആയിരിക്കുമ്പോഴാണ് ആരോപണം ഉയരുന്നത്.
യുഡി എഫിന്രെ ഗതാഗത മന്ത്രിയായിരുന്നയാളും  ആരോപണ വിധേയനായിട്ടുണ്ട്.  അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കുമ്പോൾ വനം വകുപ്പ് മന്ത്രിയായിരുന്നു.

ആരോപണ വിധേയരായ രണ്ടുപേർക്ക് പിന്നീട് ഇരു മുന്നണികളുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരക്കിനാകാതെ മാറിനിൽക്കേണ്ടി വന്നു. ഇടതുപക്ഷ സർക്കാരിലെ മൂന്നാമത്തെ ഗതാഗത മന്ത്രിയാണ് ഇപ്പോൾ രാജിവെയ്ക്കുന്നത്. 1996ലും 2016ലും അധികാരത്തിൽ വന്ന സർക്കാരുകളിലായാണ് ഗതാഗത മന്ത്രിമാരുടെ രാജികൾ ഉണ്ടായത്. പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നും ആരോപണ വിധേയരായി രാജിവെയ്ക്കേണ്ടി വന്ന മൂന്ന് മന്ത്രിമാരിൽ രണ്ടുപേരും ഗതാഗത മന്ത്രിമാർ. അതിന് മുമ്പ് നായനാർ മന്ത്രി സഭയിൽ നിന്നും ആരോപണവിധേയനായി രാജിവെയ്ക്കേണ്ടി വന്നതും ഗതാഗത മന്ത്രി. ഇതിനിടിയൽ ആരോപണവിധേയനായ മറ്റൊരു ഇടതുപക്ഷ ഗതാഗതമന്ത്രിയുണ്ട്. അദ്ദേഹം ആരോപണം ഉയരുമ്പോൾ എം എൽ എയായി മാറിയിരുന്നു.

സർക്കാരിന്രെ നിയമം ലംഘിച്ച് കായൽ കൈയേറിയെന്നും നികത്തിയെന്നുമുളള ആരോപണത്തിൽ രാജിവെയ്ക്കുന്ന തോമസ് ചാണ്ടിയാണ് അഞ്ചാമത്തെ ഗതാഗത മന്ത്രി. സർക്കാരിന്രെ റിപ്പോർട്ടിനെതിരെ കോടതികയറുകവരെ ചെയ്തശേഷമാണ് സർക്കാരിന്രെ ഭാഗമായ ഗതാഗതമന്ത്രി സ്ഥാനത്തുനിന്നും തോമസ് ചാണ്ടി രാജിവച്ച് ഒഴിയുന്നത്.
നേരത്തെ രാജിവച്ച് മറ്റുളള നാല് ഗതാഗത മന്ത്രിമാരും സ്ത്രീകളോട് മോശമായ പെരുമാറ്റം ആരോപിക്കപ്പെട്ട് രാജിവെയ്ക്കേണ്ടി വന്നവരാണ്. രാജിവെയ്ക്കേണ്ടി വന്ന നാലിൽ മൂന്നുപേരും ഇടതുപക്ഷ സർക്കാരുകളുടെ കാലത്തായിരുന്നു മന്ത്രിമാരായിരുന്നത്.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായ 1996 ലെ എൽ​ഡിഎഫ് സർക്കാരിന്റെ കാലം മുതലാണ് ഗതാഗത മന്ത്രിമാരുടെ നിയന്ത്രണം വിട്ട പാച്ചിലിൽ മന്ത്രിസ്ഥാനം ഇടിച്ചു തകർന്ന സംഭവങ്ങളുണ്ടായത്. നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ഡോ. എ​.നീലലോഹിതദാസൻ നാടാർക്കാണ് ലൈംഗിക പീഡന വിവാദത്തിൽ മന്ത്രി സ്ഥാനം തെറിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥ നൽകിയ പരാതിയെ തുടർന്നാണ് മന്ത്രിസ്ഥാനം നഷ്ടമായത്. അതേസമയം തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥയും അദ്ദേഹത്തിനെതിരായി പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന് ഇരുമുന്നണികളുടെയും സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിച്ചില്ല.

പിന്നീട് മന്ത്രിസ്ഥാനം നഷ്ടമായ മുൻഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാറാണ്. ഭാര്യ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാരിൽ വനംവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. അതിന് മുന്പുളള ആന്റണി സർക്കാരിന്റെ കാലത്ത് അദ്ദേഹം ഗതാഗതമന്ത്രിയായിരുന്നു.

ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് തന്നെ മറ്റൊരു മുൻ ഗതാഗതമന്ത്രിയും ലൈംഗിക ആരോപണ വിധേയനായി. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന ജോസ് തെറ്റയിലാണ് ആരോപണവിധേയനായത്. എൽഡിഎഫിന്റെ അങ്കമാലി എംഎൽഎയും ജനതാദൾ (എസ്) നേതാവുമായി ജോസ് തെറ്റയിലിനെതിരായാണ് ആരോപണം ഉയർന്നത്. എന്നാൽ പിന്നീട് ഈ ആരോപണത്തിന്റെ പേരിൽ നൽകിയ കേസ് കോടതി തളളി. ആരോപണം ഉന്നയിച്ച സ്ത്രീ പിന്നീട് തന്നെ ചില കോൺഗ്രസ് നേതാക്കൾ തന്നെ കബളിപ്പിച്ചതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ജോസ് തെറ്റയിൽ ഇത്തവണ മത്സരരംഗത്ത് നിന്നും മാറുകയും ചെയ്തു.

പിന്നീട് മന്ത്രിസ്ഥാനം തെറിച്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ്. പിണറായി വിജയൻ മന്ത്രിസഭയിലെ രണ്ടാമത്തെ രാജിയായിരുന്നു ഇത്. മന്ത്രിസഭ ഒരു വർഷം തികയ്ക്കാൻ രണ്ട് മാസം ബാക്കി നിൽക്കെ 2017 മാർച്ച് 26നായിരുന്നു ശശീന്ദ്രന്രെ രാജി. ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതോടെയാണ് ധാർമികതയേറ്റെടുത്ത് രാജിവച്ചത്. ഒരുപക്ഷേ, ആരോപണം ഉയർന്ന് ഉടൻ തന്നെ രാജിവച്ച ആദ്യത്തെ മന്ത്രിയും ശശീന്ദ്രൻ തന്നെയാകും. നാലു മണിക്കൂറിനുളളിൽ അദ്ദേഹം രാജിവച്ചു.

ഇപ്പോൾ ഇതുവരെയുളള ഗതാഗതമന്ത്രിമാരുടെ അവസ്ഥയില്ല, തോമസ് ചാണ്ടിക്ക് പുറത്തേയ്ക്ക് പോകേണ്ടി വന്നത്. കായൽ കൈയറ്റം സംബന്ധിച്ച മാധ്യമ വാർത്തകൾ വിവാദമായതോടെ റവന്യൂ വകുപ്പ് ഇത് അന്വേഷിക്കാൻ തീരുമാനിച്ചു. ജില്ലാകലക്ടർ ടി വി അനുപമയുടെ റിപ്പോർട്ട് മന്ത്രിയുടെ കായൽ കൈയേറ്റമാണെന്നും നിയമവിരുദ്ധമാണെന്നുമുളള റിപ്പോർട്ടാണ് മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്. ഇതിനെതിരെ മന്ത്രി കോടതിയെ സമീപിച്ചു. എന്നാൽ സർക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് പരാമർശിച്ച കോടതി ഹർജി തളളി. കോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് സർക്കാരിനും മന്ത്രി തോമസ് ചാണ്ടിക്കും ഏൽക്കേണ്ടി വന്നത്.

എന്നിട്ടും മന്ത്രിസഭയിൽ തുടരാനായിരുന്നു തോമസ് ചാണ്ടിയുടെ ശ്രമം. മുഖ്യമന്ത്രിയും രാജിക്കാര്യത്തിൽ തീരുമാനമെടുക്കാതെ തുടരുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാല് സിപി ഐ മന്ത്രിമാർ ഇന്ന് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ ബഹിഷക്കരിച്ചു.. ഇതോടെ സർക്കാർ പ്രതിസന്ധിയിലെത്തിയതോടെ ഇതെല്ലാം കഴിഞ്ഞായിരുന്നു തോമസ് ചാണ്ടിയുടെ രാജി.

ഇവർക്കെല്ലാം മുന്നേ കെ. കെ. ബാലകൃഷ്ണൻ, പി ആർ കുറുപ്പ്, മാത്യു ടി തോമസ് എന്നിവരും ഗതാഗതമന്ത്രിസ്ഥാനത്ത് നിന്നും കാലവധിതികയ്ക്കാതെ ഒഴിയേണ്ടി വന്നിട്ടുണ്ട്. 1982 മുതൽ 83 വരെ ഗതാഗതമന്ത്രിയായിരുന്ന ബാലകൃഷ്ണൻ കരുണാകരൻ മന്ത്രിസഭയുടെ പ്രതിച്ഛായകാലത്താണ് രാജിവച്ചത്. ജനതാദളിലെ പടലപിണക്കത്തെ തുടർന്നാണ് പി ആർ കുറുപ്പ് രാജിവച്ചത്. ജനതാദളിലെ എം പിവീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണി വിട്ടുപോവുകയും മറ്റൊരുവിഭാഗം ജനതാദൾ ഇടതുമുന്നണിയോടൊപ്പം ഉറച്ചു നിൽക്കുകയും  ചെയ്തപ്പോൾ ആ വിഭാഗത്തിന്ര പ്രസിഡന്രാകാനായിരുന്നു മാത്യു ടി തോമസ് രാജിവച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ