തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിസഭാ യോഗത്തിലാണ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി കണ്ടത്. മറ്റ് മന്ത്രിമാർ കണ്ടതുപോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്. അത് അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല. മുഖ്യമന്ത്രിക്ക് കരാറുമായി ബന്ധമില്ല. കെൽട്രോണുമായാണ് കരാർ ഒപ്പിട്ടത് ഗതാഗത വകുപ്പാണ്. കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫിനെ നയിക്കുന്ന നായകനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷ ശ്രമം. ഈ ആരോപണങ്ങൾ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാൽ എല്ലാ കാലത്തേക്കും കഴിയില്ല. അന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മനസിലാവുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹന നിയമം മാറ്റാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിപ്പിച്ച് കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ സംസ്ഥാനം വയ്ക്കും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും രംഗത്തെത്തി. ഗതാഗത വകുപ്പിൽ ക്രമക്കേട് നടന്നെന്ന് പരാതിയില്ല. കെൽട്രോണിനെതിരെയാണ് പരാതിയുള്ളതെന്നും അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ ഇന്നു പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി കയ്യിൽ വയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും സതീശൻ പറഞ്ഞിരുന്നു.