തിരുവനന്തപുരം: ടൂറിസം മേഖലയില്‍ കനത്ത പ്രതിസന്ധിയെന്ന് ധനമന്ത്രി തോമസ് ഐസക്. പണിമുടക്കുകള്‍ കേരള ടൂറിസത്തെ മോശമായി ബാധിച്ചെന്നും തോമസ് ഐസക് പറഞ്ഞു. പണിമുടക്കുകളില്‍ നിന്നും ഹര്‍ത്താലില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണിമുടക്കുന്നവർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ഹര്‍ത്താലിലുണ്ടായ അതിക്രമങ്ങള്‍ ടൂറിസത്തെ ബാധിച്ചു. കേരളത്തില്‍ ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പും തിരിച്ചടിയായെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താലിന് പുറമെ പ്രളയം ഉണ്ടായതും ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. 50 ലക്ഷത്തോളം ജനങ്ങളെ ദുരിതത്തിലാക്കിയ പ്രളയ ശേഷമുളള ആദ്യ ബജറ്റിന്‍റെ ഊന്നല്‍ പുനര്‍നിര്‍മാണത്തിനായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്‍റെ വരുമാനം 10 ശതമാനം ഉയരുമ്പോള്‍ ചെലവ് 16 ശതമാനമാണ് വര്‍ദ്ധിക്കുന്നത്.

അനാവശ്യ ചെലവുകളും അനിവാര്യമല്ലാത്ത പദ്ധതികളും ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ചിട്ടും പല വകുപ്പുകള്‍ക്കും ഇത് ബോധ്യമായിട്ടില്ല. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിനോട് എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ